ഇന്ത്യയില്‍ പുതുതായി ക്യാന്‍സര്‍ രോഗികളായവര്‍ 14 ലക്ഷത്തിലധികം പേര്‍
ന്യൂഡെല്‍ഹി: 2022-ല്‍ ഇന്ത്യയില്‍ 14.1 ലക്ഷം പുതിയ ക്യാന്‍സര്‍ രോഗികളുണ്ടായതായും 9.1 ലക്ഷം പേര്‍ ക്യാന്‍സര്‍ ബാധിതരായി മരിച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
പുതുതായി രോഗം സ്ഥിരീകരിച്ച പുരുഷന്മാരില്‍ ചുണ്ടുകളിലും വായിലും (15.6 ശതമാനം), ശ്വാസകോശം (8.5 ശതമാനം) ത്തിലുമാണ് കൂടുതലായി ക്യാന്‍സര്‍ രോഗം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളില്‍ സ്തനങ്ങളിലും (27 ശതമാനം), ഗര്‍ഭാശയ മുഖ (18 ശതമാനം) ത്തുമാണ് രോഗം കൂടുതലായി കണ്ടെത്തിയത്.
32.6 ലക്ഷം പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ക്യാന്‍സര്‍ രോഗ ബാധ സ്ഥിരീകരിച്ചതായും ഡബ്ളിയുഎച്ചഒയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ പറയുന്നു.
ലോകത്താകെ ഇത് 5.2 കോടി വരും. ആഗോളതലത്തില്‍ രണ്ടു കോടി ആളുകളില്‍ പുതുതായി ക്യാന്‍സര്‍ രോഗ ബാധ കണ്ടെത്തി. 97 ലക്ഷം മരണവും നടന്നു.
അഞ്ചില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ കണ്ടെത്തുന്നതായും ഒമ്പത് പുരുഷന്മാരില്‍ ഒരാള്‍ക്കും 12 സ്ത്രീകളില്‍ ഒരാള്‍ക്കും രോഗം കണ്ടെത്തുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
ലോകത്ത് ശ്വാസകോശ ക്യാന്‍സറാണ് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതെന്നും, മരണകാരണമെന്നും ഇതില്‍ പുതുതായി സ്ഥിരീകരിക്കുന്നവരില്‍ 12.4 ശതമാനം പേരിലും ശ്വാസകോശ ക്യാന്‍സറാണ്.
മരിക്കുന്നവരില്‍ 19 ശതമാനവും ഈ ക്യാന്‍സര്‍ ബാധിച്ചവരാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ അമിതമായ പുകയില ഉപയോഗമാകാം ഇതിനു കാരണമെന്നാണ് ഏജന്‍സി പറയുന്നത്.
കൂടുതല്‍ പേരില്‍ രണ്ടാമത്തേത് സ്തനാര്‍ബുദമാണ്. 11. 6 ശതമാനം. ഇതില്‍ 7 ശതമാനവും മരണത്തിനു കാരണമാകുന്നു.

