മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

Breaking News USA

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

കാലിഫോര്‍ണിയ: വൈദ്യശാസ്ത്രം ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മഹത്തായ പരീക്ഷണത്തിന്റെ തുടക്കം സംജാതമായി.

ഏറെ പരീക്ഷണങ്ങള്‍ക്കു ശേഷം ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു.

രോഗിയില്‍ ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ചെന്നും പരീക്ഷണത്തിനു വിധേയനായ വ്യക്തി സുഖം പ്രാപിച്ചു വരികയാണെന്നും ഇലോണ്‍ മസ്ക് അറിയിച്ചു. ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ആദ്യ ഫലങ്ങളെന്നും മസ്ക് എക്സില്‍ കുറിച്ചു.

മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരനായ മസ്ക് 2016-ല്‍ സ്ഥാപിച്ച ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി കഴിഞ്ഞ സെപ്റ്റംബറില്‍ നേടിയെടുത്തത്.

പദ്ധതിയുമായി സഹകരിച്ച് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു.

ഇതിനായുള്ള രജിസ്ട്രേഷന്‍ ഫോറം കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനായി എത്ര രോഗികളെ എന്‍റോള്‍ ചെയ്യുമെന്ന് ഗവേഷകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബ്രെയിന്‍ ഇംപ്ളാന്റിങ്ങിനായുള്ള ക്ളിനിക്കല്‍ ട്രയലില്‍ കഴുത്തിലെ ക്ഷതം അല്ലെങ്കില്‍ അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ളിറോസിസ് കാരണം തളര്‍വാദം ബാധിച്ച രോഗികളും ഉള്‍പ്പെടാം.

അല്‍ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. നേരത്തെ ബ്രെയിന്‍ ചിപ്പിന്റെ പരീക്ഷണം കുരങ്ങന്മാരില്‍ നടത്തിയിരുന്നു.

ന്യൂറാലിങ്ക് നിര്‍മ്മിച്ച ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ഒരു കുരങ്ങന്‍ വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിംഗ് നടത്തുന്ന വീഡിയോ മസ്ക് പുറത്തുവിട്ടിരുന്നു.