ഇനി ട്രൂകോളര്‍ ആവശ്യമില്ല…..! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു
ന്യൂഡെല്‍ഹി: ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്. ഫോണിലെ സുപ്രധാനമായ ഒരു ആപ്പാണ് ട്രൂകോളര്‍.
ഫോണിലേക്ക് അജ്ഞാത നമ്പരുകളില്‍നിന്നും വരുന്ന കോളുകള്‍ തിരിച്ചറിയുന്നത് ട്രൂകോളര്‍ വഴിയാണ്.
സമാന സേവനം നല്‍കുന്ന മറ്റ് ആപ്പുകള്‍ അത്ര പ്രചാരത്തിലില്ലാത്തതിനാല്‍ ട്രൂകോളറിന് കോടിക്കണക്കിന് യൂസര്‍മാരാണുള്ളത്.
മാത്രമല്ല ജങ്ക് കോളുകളും മാര്‍ക്കറ്റിംഗ് കോളുകളുമൊക്കെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാനും ഈ ആപ്പ് വളരെ സഹായിക്കുന്നുണ്ട്.
എന്നാല്‍ ഫോണിലെ കോണ്‍ടാക്റ്റ് നമ്പരുകളിലേക്ക് പ്രവേശം നല്‍കിയാല്‍ മാത്രമാണ് ട്രൂകോളര്‍ പ്രവര്‍ത്തിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഡാറ്റാ മോഷണം പോലുള്ള ആരോപണങ്ങള്‍ ആപ്പ് കാലങ്ങളായി നേരിടുന്നു.
അതുമാത്രമല്ല ട്രൂകോളര്‍ അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് യൂസര്‍മാരെ ശല്യപ്പെടുത്താറുമുണ്ട്. സമീപഭാവിയില്‍ത്തന്നെ നമുക്ക് ഈ തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സേവനം സ്വീകരിക്കുന്നത് നിര്‍ത്താന്‍ സാധിച്ചേക്കും.
എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) ഒരു സുപ്രധാന നടപടിയിലേക്കു കുതിക്കുകയാണ്.
ഫോണുകളില്‍ വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡെന്റിഫിക്കേഷന്‍ ഉടന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവന ദാദാക്കളോടും നിര്‍ദ്ദശിച്ചിരിക്കുകയാണ് ട്രായ്.
രണ്ട് വര്‍ഷം മുമ്പ് തന്നെ ട്രായ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇപ്പോഴാണ് അത് കര്‍ക്കശമാക്കാന്‍ ഒരുങ്ങുന്നത്.
സിം എടുക്കുന്ന സമയത്ത് നിങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ എടുക്കുന്ന ആളുടെ ഫോണില്‍ തെളിഞ്ഞു വരുന്ന സംവിധാനം ആണ് ഇത്.
അതിനാല്‍ ഇനി ട്രൂകോളറിന്റെ ആവശ്യം വരുന്നില്ല.