നാടും വീടും ഉപേക്ഷിച്ച് ലോകമെമ്പാടും പാലായനം ചെയ്തത് 114 ദശലക്ഷം പേര്‍
ജനീവ: ആഗോള തലത്തില്‍ യുദ്ധം, പീഢനം, ആക്രമണം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ കാരണം വീടും നാടും ഉപേക്ഷിച്ച് പാലായനം ചെയ്തവരുടെ എണ്ണം 2023 സെപ്റ്റംബര്‍ അവസാനത്തോടെ 114 ദശലക്ഷം കവിഞ്ഞെന്ന് ഐക്യ രാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.എച്ച് സി. ആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള മൂന്നു മാസങ്ങളില്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണം മൊത്തം 114 ദശലക്ഷമായതായി റിപ്പോര്‍ട്ടിലുണ്ട്.
പശ്ചിമേഷ്യയിലെ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. 2023-ന്റെ ആദ്യ പകുതിയിലെ പാലായനത്തിന്റെ പ്രധാന കാരണങ്ങള്‍ യുക്രൈന്‍, സുഡാന്‍, മ്യാന്‍മര്‍, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി, സോമാലിയായിലെ വരള്‍ച, വെള്ളപ്പൊക്കം, അരക്ഷിതാവസ്ഥ എന്നിവയും യു.എന്‍.എച്ച്.സി.ആര്‍ പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്.
ആഗോള തലത്തില്‍ സംഘട്ടനങ്ങള്‍ പെരുകുന്നത് നിരപരാധികളുടെ ജീവിതങ്ങളെ തകര്‍ക്കുകയാണെന്ന് യു.എന്‍. അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.