14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

Africa Breaking News Top News

നൈജീരിയായില്‍ 14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

ലാഗോസ്: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 14 വര്‍ഷത്തിനിടെ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍.

നൈജീരിയായില്‍ മതപീഢ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട നൈജീരിയായിലെ ക്രൈസ്തവ രക്തസാക്ഷികള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്രൈസ്തവരെ കൂടാതെ മിതവാദികളായ 34,000 മുസ്ളീങ്ങളും തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. 2009-ല്‍ ബോക്കോഹറാം എന്ന ഭീകര സംഘടന സജീവമായതോടെയാണ് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങുന്നത്.

പിന്നീടിങ്ങോട്ട് 18,000 ആരാധനാലയങ്ങളും ക്രൈസ്തവരുടെ 2,200 വിദ്യാലയങ്ങളും അഗ്നിക്കിരയാക്കി. 50 ലക്ഷം ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായി.

30000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് മുന്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഭരണം നടത്തിയ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലാണ്. തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ ബുഹാരി നടപടികള്‍ കൈക്കൊണ്ടില്ലെന്ന് ആരോപണം ഉയരുന്നു.

ഈ വര്‍ഷം മാത്രം ആയിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 707 പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളായെന്നും റിപ്പോര്‍ട്ടിലുണ്ട്.

കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി എന്ന മുസ്ളീം ഗോത്ര വംശജരായ തീവ്രവാദികളുടെ ആക്രമണങ്ങളും ക്രൈസ്തവര്‍ നേരിടുന്നു.