റഷ്യയില്‍ വിമാനത്താവളത്തില്‍ യഹൂദരെ തിരഞ്ഞ് കലാപകാരികള്‍
മോസ്ക്കോ: റഷ്യയിലെ മുസ്ളീം ഭൂരിപക്ഷ പ്രവിശ്യയായ ഡാഗെസ്ഥാന്‍ റിപ്പബ്ളിക്കില്‍ യഹൂദര്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ കലാപകാരികളെ അറസ്റ്റു ചെയ്തു.
യിസ്രായേലിലെ ടെല്‍ അവീവില്‍നിന്ന് ഡാഗെസ്ഥാനിലെ മഖാച്കാല വിമാനത്താവളത്തിലെത്തിയവര്ക്കു നേരെയായിരുന്നു പ്രതിഷേധം. നൂറുകണക്കിനു പേര് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ അക്രമാസക്തരായി.
ചിലര്‍ റണ്വേയിലേക്കോടി വിമാനം വളഞ്ഞു. സംഭവത്തില്‍ സുരക്ഷാ ഭടന്മാര് അടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അറുപതു പേരെ അറസ്റ്റു ചെയ്തതായി റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പലസ്തീന് പതാക ഏന്തിയായിരുന്നു പ്രതിഷേധം. വിമാനത്താവളത്തിലെ കാറുകള്‍ തടഞ്ഞു പ്രതിഷേധക്കാര്‍ യഹൂദരാണോ എന്നു കണ്ടെത്താന്‍ രേഖകള്‍ പരിശോധിച്ചു നോക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും ക്രിമിനല്‍ കേസ് എടുത്തുവെന്നും ഡാഗെസ്ഥാന്‍ സര്‍ക്കാര്‍ പിന്നീടറിയിച്ചു. വടക്കന്‍ കോകമ്പന് പ്രദേശത്തെ ഡാഗെസ്ഥാന്‍ റിപ്പബ്ളിക്കില്‍ 300-400 യഹൂദ കുടുംബങ്ങള്‍ പാര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഹൂദരുടെ സുരക്ഷയ്ക്കുവേണ്ട നടപടികള്‍ റഷ്യ എടുക്കണമെന്ന് യിസ്രായേല്‍ ആവശ്യപ്പെട്ടു.

