സിറിയയിലും ലെബനനിലും ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്
ബെയ്റൂട്ട്: സിറിയയില്‍നിന്നും ലെബനനില്‍നിന്നുമുള്ള നിരാശരായ ക്രൈസ്തവരുടെ കൂട്ട പാലായനം ഇരു രാജ്യങ്ങളിലെയും വിശ്വാസത്തിന്റെ ഭാവി സാന്നിദ്ധ്യത്തിന് ഭീഷണിയാണെന്ന് ഒരു സഭാ നേതാവ് മുന്നറിയിപ്പ് നല്‍കുന്നു.
2023-ലെ റിലിജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്. എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016-നും 2021നും ഇടയില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 6.31 ശതമാനത്തില്‍നിന്ന് 3.84 ശതമാനമായി കുറഞ്ഞു.
ലെബനനിലെ ക്രിസ്ത്യാനികളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ സിഐഎ ഫാക്റ്റ് ബുക്ക് നിലവില്‍ അവരുടെ ജനസംഖ്യയുടെ അനുപാതം ഏകദേശം മൂന്നിലൊന്ന് (32.4%) ആയി കണക്കാക്കുന്നു.
ലെബനനിലെ ക്രൈസ്തവര്‍ അക്കാലത്ത് 40 ശതമാനം കവിഞ്ഞതായി കണക്കാക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2010-ലെ റിപ്പോര്‍ട്ട് ഉദ്ധരിച്ച കണക്കുകളേക്കാള്‍ താഴെയാണിത്.
സഭയുടെ അഭ്യര്‍ത്ഥനകള്‍ക്കിടയിലും മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ മാതൃരാജ്യങ്ങള്‍ വിട്ടു പോകുകയാണെന്ന് മെല്‍കെറ്റ് ഗ്രീക്ക് കാത്തലിക് പാത്രിയര്‍ക്കീസ് യൂസഫ് അബ്സി ഒരു മാധ്യമത്തോടു പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് ഇനി അവരുടെ രാജ്യത്ത് വിശ്വാസമില്ല എന്നും തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെയും ലെബനനിലെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും പൂര്‍വ്വാധികം ബാധിച്ചു.
ആഭ്യന്തര യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് സിറിയയുടെ പ്രശ്നങ്ങള്‍ രൂക്ഷമായത്. സിറിയയ്ക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ഇത് സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

