ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയോടെ റഷ്യ യുക്രൈനില്‍ മതപീഢനം നടത്തുന്നു
ക്വീവ്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ നേതാക്കളുടെ പിന്തുണയോടെ റഷ്യ യുക്രൈനില്‍ നൂറുകണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിച്ചുവെന്ന് പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വക്താവ് ഡേവിഡ് ക്യൂറി.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷന്‍ കമ്മീഷണറായും സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ക്യൂറി വാച്ച് ഡോഗ് ഗ്രൂപ്പായ ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫിന്റെ തലവനും കൂടിയാണ്.
2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ യുക്രൈനിലെ മതപരമായ പീഢനത്തിന്റെ വിവിധ ഉദാഹരണങ്ങള്‍ ക്യൂറി എടുത്തു പറയുകയുണ്ടായി.
ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായുള്ള ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പല നേതാക്കളും രാജ്യം ദൈവിക പ്രചോദനംകൊണ്ട് ഭൂമി കൈക്കലാക്കുന്നുവെന്നു വിശ്വസിക്കുന്നവരാണ്.
പാസ്റ്റര്‍മാരെയും ചര്‍ച്ചുകളെയും ലക്ഷ്യമിടുന്നവരെ ന്യായീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന മാനസീകാവസ്ഥ വ്യക്തമാണ്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവരോ മറ്റു ന്യൂനപക്ഷങ്ങളില്‍ വിശ്വസിക്കുന്നവരോ ആരായാലും അവര്‍ക്ക് അവരുടേതായ വിശ്വാസമുണ്ട്. അതിനെ തകിടം മറിക്കുവാന്‍ അനുവദിച്ചു കൂടാ.
മെയ് മാസത്തില്‍ റഷ്യന്‍ പട്ടാളക്കാര്‍ മരിയുപോളിലെ യുക്രേനിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പിടിച്ചെടുത്തു. കഴിഞ്ഞ മാസത്തില്‍ ഒരു പള്ളിയില്‍ നിന്നും പുരോഹിതരെ പുറത്താക്കിയശേഷം 30 സൈനികര്‍ കെട്ടിടത്തില്‍ അനധികൃതമായി കഴിയുന്നു.
അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ യുക്രൈനില്‍ 500 ഓളം ആരാധനാലയങ്ങളും ദൈവശാസ്ത്രപരമായ സ്ഥാപനങ്ങളും റഷ്യന്‍ പട്ടാളം പൂര്‍ണ്ണമായി നശിപ്പിക്കുകയുണ്ടായി.
മറ്റുള്ളവരെ പീഢിപ്പിക്കുകയും തടവിലാക്കുകയും ചെയ്യുന്നതിനിടയില്‍ റഷ്യ കുറഞ്ഞത് 26 മതനേതാക്കളെയെങ്കിലും കൊലപ്പെടുത്തുകയുണ്ടായി ക്യൂറി പറഞ്ഞു.

