അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,012 കോടി
ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അവകാശികളില്ലാത്ത പണം പരിശോധിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ സ്ഥാപിക്കാനൊരുങ്ങി റിസര്‍വ്വ് ബാങ്ക്.
രാജ്യത്തെ ബാങ്കുകളില്‍ ഉടനീളം കിടക്കുന്ന അവകാശം ഉന്നയിക്കാത്ത പണം പരിശോധിക്കുന്നതിന് വെബ്സൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ തീരുമാനിച്ചതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ഇന്നലെ പണനയ യോഗത്തിനുശേഷം അറിയിച്ചു.
ഡിസംബര്‍ 2020 മുതല്‍ ഫെബ്രുവരി 2023 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകളിലുള്ള അവകാശികളില്ലാത്ത പണത്തില്‍ 70 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാസ് അറിയിച്ചിരുന്നു.
2019-നെ അപേക്ഷിച്ച് കോവിഡിനുശേഷം ആ പണം ഇരട്ടിയായെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആര്‍ബിഐക്ക് പൊതുമേഖലാ ബാങ്കുകള്‍ കൈമാറിയ അവകാശികളില്ലാത്ത പണം 35,012 കോടിയോളം വരുമെന്നാണ് കണക്ക്.
സാധാരണ ഗതിയില്‍ ഒരു അക്കൌണ്ട് രണ്ടു വര്‍ഷത്തിലധികം പ്രവര്‍ത്തന രഹിതമായാല്‍ അത് നിര്‍ജീവ അക്കൌണ്ടായി മാറും. മിക്കവാറും ആ അക്കൌണ്ട് ഉടമയുടെ മരണത്തിനുശേഷമാണ് ഇത് സംഭവിക്കുക.
പിന്‍ഗാമികള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്ത സാഹചര്യത്തിലാണ് അവകാശികളില്ലാത്ത പണത്തിന്റെ അക്കൌണ്ടിലേക്ക് ഇതും മാറ്റപ്പെടുന്നത്.

