ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല
ബൈബിളിലെ എല്ലാ ഉല്‍സവങ്ങളും വളരെ അര്‍ത്ഥവത്തായതാണ്. കഴിഞ്ഞ ആഴ്ച ഹോശാന്ന ഞായറാഴ്ച ആചരിച്ചു.
ഹോശന്നായുടെ അര്‍ത്ഥം സ്തുതിക്കുക, മഹത്വം കൊടുക്കുക എന്നതാണ്. മര്‍ക്കോസ് 11:9. “മുമ്പും പിമ്പും നടക്കുന്നവര്‍ : ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍ : മര്‍ക്കോസ് 11:10. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു”.
ആരാധിക്കുന്നവന് ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വെളിപ്പെട്ടു വരുന്നു. വീണ്ടും ദാവീദിന്റെ രാജ്യം വരുന്നു. ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രമാകുന്ന യേശുക്രിസ്തു ആയിരമാണ്ട് ഭൂമിയില്‍ വാഴും എന്നുള്ളത് ആണ്ടുകള്‍ക്കു മുമ്പേ യെരുശലേമില്‍ ഹോശന്നാ എന്ന് ആര്ത്തവര്ക്ക് വെളിപ്പെട്ടു കിട്ടി. ദൈവത്തിനു വേണ്ടത് ഹൃദയപൂര്‍വ്വം ദൈവത്തോട് അടുത്തിരിക്കുന്ന മനുഷ്യനെയാണ്.
ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ദൈവത്തിനു ഇടം കൊടുക്കുമ്പോള്‍ ആവ്യക്തി ദൈവത്തോടു അടുക്കുന്നു. അങ്ങനെയുള്ളൊരു മനുഷ്യനു മാത്രമേ ഏതു സാഹചര്യത്തിലും എപ്പോഴും ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയുള്ളു. ആദിവസം നമ്മളില്‍ എത്ര പേര് ഹൃദയപൂര്‍വ്വം ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തും.
ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവരേക്കാള്‍ പ്രീയം ദൈവത്തിനു തന്റെ നിയമങ്ങള്‍ അനുഷ്ഠിക്കുന്നവരെയാണ്. ദൈവത്തിന്റെ ഇഷ്ടം ചെയ്യുക. നീ രക്ഷിക്കപ്പെട്ട ദിവസം മുതല്‍ ദൈവത്തെ സ്നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അവന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും അവന്റെ ഇഷ്ടം മാത്രം ചെയ്യുകയും ചെയ്യും.
ബുദ്ധിയുടെ പ്രമാണവും ഉണ്ട്, ആത്മാവിന്റെ പ്രമാണവുമുണ്ട്. ആചാരങ്ങള്‍ അനുഷ്ഠിക്കുക ഉല്സവങ്ങള് ആഘോഷിക്കുക തുടങ്ങിയവ ബുദ്ധിയുടെ പ്രമാണവും, ദൈവകല്പ്പനകള് അനുസരിക്കുക എന്നുള്ളത് ആത്മാവിന്റെ പ്രമാണവുമാണ്. ആത്മാവിനെ അനുസരിക്കുമ്പോള്‍ ജഡത്തിനു സന്തോഷിക്കുവാന്‍ കഴിയുകയില്ല. ജഡം മണ്ണാകുന്നു; മണ്ണില്‍ നിന്നെടുത്തതാകുന്നു.
മണ്‍കുടം ഉടയണം ജഡസ്വഭാവം ഇല്ലാതെയാകണം, അപ്പോഴെ തീപ്പന്തം ജ്വലിച്ചു കത്തുകയുള്ളു. ആരാധന വെളിപ്പെടുകയുള്ളു. ആത്മാവിനു കീഴ്പ്പെട്ടു; ദൈവത്തിന്റെ ഇഷ്ടം ചെയ്യുമ്പോള്‍ ആണ് നാം ദൈവത്തോട് അടുക്കുന്നത്. പാപം ചെയ്യുമ്പോള്‍ നാം ആകുന്നു ദൈവത്തോട് അകലുന്നത്.
ഏദന്‍ തോട്ടത്തില്‍ പതിവുപോലെ ദൈവം ഇറങ്ങി വന്നിട്ടും പാപം ചെയ്ത ആദം ഹവ്വയാണ് ദൈവത്തില്‍നിന്നു ഒളിച്ചിരുന്നത്. പാപം ചെയ്യുന്നവന് ദൈവത്തിന്റെ അടുക്കലേക്കു വരുവാന്‍ മടിക്കുന്നു. ഹോശാന്നാ പെരുന്നാള്‍ അല്ലെങ്കില്‍ കുരുത്തോലെ പെരുന്നാളിലെ സ്മരിക്കപ്പെടുന്ന ഒരു മൃഗമാണല്ലോ കഴുത. എന്തുകൊണ്ട് കര്‍ത്താവായ യേശുക്രിസ്തു ആ മൃഗത്തെ ഉപയോഗിച്ചു.
അതിന്മേല് സഞ്ചരിക്കുന്നവനെയാണ് എല്ലാവരും കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത്. അല്ലാതെ ആ മൃഗത്തെ ആരും ശ്രദ്ധിക്കുകയില്ല. അത് തല താഴ്ത്തിയാണ് സഞ്ചരിക്കുന്നത്. എത്ര ഭാരം വഹിച്ചാലും അതേ നടപ്പുതന്നെ. അതിനു ജോലി ചെയ്യുവാന്‍ വളരെയധികം കഴിവുണ്ട്.
എങ്കിലും അത് തന്നെത്താന്‍ ഉയര്‍ത്തുന്നില്ല. എന്നാല്‍ സഞ്ചരിക്കുവാന്‍ ഉപയോഗിക്കുന്ന മറ്റൊരു മൃഗമായ കുതിരയെക്കുറിച്ചു ബൈബിള്‍ പറയുന്നത് അതിന്റെ കടിഞ്ഞാണ്കൊണ്ട അതിനെ അടക്കി പോരുന്നു എന്നാണ്. കുതിര തല ഉയര്‍ത്തിപ്പിടിച്ചു സഞ്ചരിക്കുന്നു. അതിന്മേല് സഞ്ചരിക്കുന്ന മനുഷ്യനെക്കാള്‍ ഉപരി അതിന്റെ തല ഉയര്‍ന്നിരിക്കുന്നു.
നമ്മളില്‍ വസിക്കുന്നവന് മഹത്വം കൊടുക്കുന്നവരായിത്തീരണം. യോഹന്നാന് 3:30. “അവന് വളരേണം ഞാനോ കുറയേണം” എന്നെഴുതിയ പ്രകാരം നമ്മില്‍ കര്‍ത്താവായ യേശുക്രിസ്തു വളരട്ടെ.
ദൈവം ആയിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ മനുഷ്യരാശിയുടെ പാപത്തിന്റെ വിടുതലിനായി ദാസരൂപം എടുത്തു വന്ന യേശുക്രിസ്തുവിന്റെ മനോഭാവം തന്നെ നമ്മളിലും ഉണ്ടാകട്ടെ.
താഴ്മ മനോഭാവം ഉള്ളതിനെയാണ് ദൈവം തന്റെ മഹത്വത്തിനായി തിരഞ്ഞെടുക്കുന്നത്. ഞാന്‍ എന്ന ഭാവം നമ്മില്‍നിന്ന് മാറട്ടെ. ക്രിസ്തുവിന്റെ ഭാവം അതായത് താഴ്മ നമ്മില്‍ നിറയട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

