കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ ദുബായില്‍ വീടിനായി ചിലവഴിച്ചത് 35,500 കോടി രൂപ
ദുബായ്: പഠനവും തൊഴിലിനുമായി വിദേശത്ത് പോകുന്ന ഇന്ത്യന്‍ യുവാക്കള്‍ ചെല്ലുന്ന രാജ്യത്ത് ഭാവിജീവിതം കെട്ടിപ്പെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പണ്ടു മുതലേ ഉള്ളതാണ്.
അതിനെ ഒരിക്കല്‍ കൂടി ഊട്ടിഉറപ്പിച്ചുള്ള വാര്‍ത്തകളാണ് ദുബായില്‍നിന്നും വരുന്നത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ വീടിനായി ചിലവഴിച്ചത് 35,500 കോടി രൂപ.
വാടക മുതല്‍ വീടു വാങ്ങിയത് വരെ ഇതിലുള്‍പ്പെടും. 2021-ലെ കണക്കുകളെ അപേക്ഷിച്ച് രണ്ട് മടങ്ങ് വര്‍ദ്ധിച്ചതായി റിയല്‍ എസ്റ്റേറ്റ് കണക്കുകള്‍ പറയുന്നു.
ഇന്ത്യാക്കാരെക്കൊണ്ടു വീടു വിപണി 2022-ല്‍ കൊയ്തത് 16 ബില്യണ്‍ ദിര്‍ഹമായിരുന്നു. 2021-ല്‍ ഈ കണക്ക് 9 ബില്യണ്‍ ദിര്‍ഹമായിരുന്നു. ഇന്ത്യാക്കാരില്‍ 40 ശതമാനവും ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു.
ഇന്ത്യാക്കാര്‍ വീടു വാങ്ങിയതിന്റെ ശരാശരി ചിലവ് കണക്കാക്കിയാല്‍ അത് 1.6 ദശലക്ഷം മുതല്‍ 1.7 ദശലക്ഷം ദിര്‍ഹം (ഏകദേശം 3.6 കോടി മുതല്‍ 3.8 കോടി വരെ) വരും. മാസ വാടക ഇനത്തില്‍ മൂന്നു ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ വരും.
2022-ലേക്ക് നീട്ടിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം ഇതിനു കാരണമായി മാറിയിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ദുബായുടെ വളര്‍ച്ച കൂടുതല്‍ ജോലിക്കാര്‍ , തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ , ശാസ്ത്രജ്ഞര്‍ , ഗവേഷകര്‍ എന്നിങ്ങനെയുള്ളവരുടെ ആവശ്യകത കൂട്ടിയെന്നും ഇവര്‍ കണക്കാക്കുന്നു.

