ബോക്വില ചെടി; 8 വ്യത്യസ്തയിനം ചെടികളെ അനുകരിച്ച് അമ്പരിപ്പിക്കുന്ന ചെടി
ശത്രുക്കളെ കാണുമ്പോള്‍ നിറം മാറുന്ന ജന്തുവാണല്ലോ ഓന്ത്. മനുഷ്യന്റെ സ്വഭാവം മാറ്റുന്നതിനെ പരിഹസിച്ചും ഓന്തിനെ സാമ്യപ്പെടുത്തുന്ന സ്വഭാവം പുരാതന കാലം തൊട്ടേയുള്ളതാണ്.
എന്നാല്‍ ഇത്തരം സ്വഭാവക്കാരായ സസ്യത്തെക്കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല. കഴിഞ്ഞ ദിവസം നാഷണല്‍ ജോഗ്രഫിക് മാഗസിനില്‍ വന്ന ഒരു ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും അമ്പരിപ്പിക്കുന്ന സ്വഭാവം ഉള്ള ചെടി എന്ന വിശേഷണം നല്‍കിയ ഒരു സസ്യത്തെ പരിചയപ്പെടുത്തുകയുണ്ടായി. ബോക്വില ട്രൈഫോളിയ എന്ന വിചത്ര ചെടിയാണ് വാര്‍ത്താ പ്രാധാന്യം നേടിയത്.
മരങ്ങളില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടി വിഭാഗങ്ങളില്‍പ്പെട്ട സസ്യമാണിത്. ബോക്വിലയുടെ ഇലകള്‍ക്ക് പ്രത്യേകം ആകൃതി ഇല്ലാത്തതിനാല്‍ ഏതു മരത്തിലാണോ ആശ്രയിച്ചു വളരുന്നത് ആ മരത്തിന്റെ ഇലകള്‍ക്ക് സാമ്യമായിട്ടാണ് ഇവയും വളരുന്നത്.
പ്ളാവില്‍ വളര്‍ന്നാല്‍ പ്ളാവിലയുടെ രൂപത്തിലും മാവില്‍ വളര്‍ന്നാല്‍ മാവിലയുടെ രൂപത്തിലും ഇവ വളര്‍ന്നു വരും. ഇതു കൂടാതെ ഇലയുടെ ആകൃതി, നിറം, വലിപ്പം, പാറ്റേണുകള്‍ ഇവയെല്ലാം ഒരുപോലെ സ്വീകരിച്ച് വളരുന്നതാണ് ഈ ചെടിയുടെ പ്രത്യേകത.
ഇലകള്‍ തിന്നു ജീവിക്കുന്ന പുഴുക്കളാണ് ഇവയുടെ പ്രധാന ശത്രുക്കള്‍ . അതുകൊണ്ടുതന്നെ ഇവ ശത്രുക്കളില്‍നിന്നും രക്ഷപെടാനാണ് മറ്റു ചെടികളുടെ വേഷപ്പകര്‍ച്ച അനുകരിക്കുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇതേ സ്വഭാവക്കാരായ നിരവധി ചെടികളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബോക്വിലയെപ്പോലെ വളരെ കൃത്യമായി അനുകരിക്കാന്‍ കഴിയുന്ന മറ്റു ചെടികളില്ലെന്നും എട്ടോളം ചെടികളെ അനുകരിക്കാന്‍ കഴിയുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍ .

