വിലക്കയറ്റം മൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ; റിപ്പോര്‍ട്ട്
വിലക്കയറ്റവും ഭക്ഷ്യ പ്രതിസന്ധിയും മൂലം ഏഷ്യയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നതായി ഫുഡ് ആന്റ് അഗ്രിക്കള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്ഐഒ) യും മറ്റ് യു.എന്‍ . ഏജന്‍സികളും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-ല്‍ ദക്ഷിണേഷ്യയിലെ 50 കോടി ആളുകള്‍ക്ക് ശരിയായ അളവില്‍ ഭക്ഷണം ലഭിക്കുന്നില്ല. ഏകദേശം പത്തില്‍ എട്ടിലധികം പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂറുകോടിയോളം ആളുകള്‍ ചെറിയ രീതിയിലോ ഗുരുതരമായതോ ആയ ഭക്ഷ്യ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആഗോള തലത്തില്‍ 2014-ല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ 21 ശതമാനമായിരുന്നു. 2021-ല്‍ ഇത് 29 ശതമാനമായി വര്‍ദ്ധിച്ചു. കോവിഡ് മഹാമാരിയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാക്കിയത്. കോവിഡിനെ തുടര്‍ന്ന് കൂട്ട പിരിച്ചുവിടലുകളും തടസങ്ങളുമുണ്ടായി.
യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭക്ഷണം, ഇന്ധനം, വളം തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചതും ജനങ്ങള്‍ക്ക് പര്യാപ്തമായ അളവില്‍ ഭക്ഷണമെത്തിക്കുന്നതിന് തടസമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എഫ്ഐഒ, യുണിസെഫ്, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യ പദ്ധതി എന്നീ ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍ ചേര്‍ന്ന് തുടര്‍ച്ചയായ അഞ്ചാമത്തെ തവണയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

