ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്
ന്യൂഡെല്‍ഹി: രാജ്യത്ത് സുവിശേഷ വിരോധികള്‍ നടത്തുന്ന ക്രൈസ്തവ വിരുദ്ധ വേട്ട കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ദു ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ക്രിസ്തുമസ് ദിനത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ അഴിഞ്ഞാടി.
ഉത്തരകാശി ജില്ലയിലെ പൂരോല ഗ്രാമത്തിലുള്ള യൂണിയന് ചര്‍ച്ചിന്റെ ലൈഫ് ആന്‍ഡ് ഹോപ്പ് സെന്റര്‍ മൂപ്പതോളം പേര് ആക്രമിച്ചു.
പരാതിയില്‍ പ്രതികളെ പിടികൂടുന്നതിനുപകരം ആക്രമിക്കപ്പെട്ട പാസ്റ്റര്‍ ലാസറസ് കൊര്ന്നെല്ലിയോസിനെയും ഭാര്യ സുഷുമയെയും പോലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധം ഉയര്‍ന്നതോടെ ഇവരെ വിട്ടയച്ചെങ്കിലും അക്രമികളുടെ പരാതിയിലും കേസെടുത്തു.
മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സിങ് ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റൂര്‍കിയിലെ സോളാനിപുരത്ത് പള്ളി തകര്‍ത്തപ്പോഴും ആക്രമിക്കപ്പെട്ടവര്‍ക്ക് എതിരെയാണ് കേസെടുത്തത്.
യു.പി.യില്‍ റായ്പൂര്‍ ജില്ലയില്‍ ക്രിസ്തുമസ് ദിനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു പാസ്റ്റര്‍ പൌലോസ് മസിഹിനെ മതപരിവര്‍ത്തന നിയമം ചുമത്തി ജയിലിലടച്ചു.
ബി.ജെ.പി. ഭരണമുള്ള മദ്ധ്യപ്രദേശിലെ സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനെതിരെ വിഎച്ച്പി രംഗത്തു വന്നു.
അസമില്‍ ചര്‍ച്ചുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാര്‍ കത്തു നല്‍കിയത് ക്രിസ്തുമസ് ആഘോഷങ്ങളെ ബാധിച്ചു. ഗുജറാത്തിലെ വഡേരയില് കാരള്സംഘത്തെ ആക്രമിച്ചു.

