വിക്കിപീഡിയയ്ക്ക് സമാനമായി മസ്ക്കിന്റെ ‘ഗ്രോക്കി പീഡിയ’ പുറത്തിറക്കി
ജനപ്രിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് സമാനമായി ഇലോണ്‍ മസ്ക്കിന്റെ എഐ കമ്പനിയായ എക്സ് എഐ ഗ്രോക്കി പീഡിയയുടെ ആദ്യ വേര്‍ഷന്‍ പുറത്തിറക്കി.
ഒക്ടോബര്‍ 27-ന് ഗ്രോക്കി പീഡിയ 0.1 ലോഞ്ച് ചെയ്ത വിവരം മസ്ക് തന്നേയാണ് എക്സിലൂടെ പ്രഖ്യാപിച്ചത്. വിക്കിപീഡിയയേക്കാള്‍ 10 മടങ്ങ് മികച്ചതായിരിക്കും ഗ്രോക്കി പീഡിയ എന്ന് മസ്ക് അവകാശപ്പെട്ടു.
പൂര്‍ണണായി എഐ അധിഷ്ഠിതമായ ഈ വിജ്ഞാന പ്ളാറ്റ്ഫോം, ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളില്‍ നിന്നും ഗ്രോക്കി പീഡിയ ഡോട് കോം വഴിയും അക്സസ് ചെയ്യാവുന്നതാണ്.
യഥാര്‍ത്ഥ വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പക്ഷപാതരഹിതവും അജണ്ടകളില്ലാത്തതുമായ ഒരു ഓണ്‍ലൈന്‍ വിജ്ഞാന കോശം സ്ഥാപിക്കുക എന്നതാണ് ഗ്രോക്കി പീഡിയയുടെ പ്രധാന ലക്ഷ്യമെന്നാണ് മസ്ക് പറയുന്നത്.
എക്സ് എഐയുടെ ചാറ്റ് ബോട്ടായ ഗ്രോക്കില്‍നിന്നും വിക്കിപീഡിയയില്‍നിന്നുമുള്ള ഉള്ളടക്കം ഉള്‍പ്പെടെ വലിയ അളവിലുള്ള ഡാറ്റാകള്‍ ഉപയോഗപ്പെടുത്തിയാണ് കമ്പനി ഗ്രോക്കി പീഡിയ വികസിപ്പിക്കുന്നത്.
ഇപ്പോള്‍ത്തന്നെ 9 ലക്ഷത്തിനടുത്ത് ലേഖനങ്ങളാണ് വി 0.1-ല്‍ ലഭ്യമായിട്ടുള്ളത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള വിക്കി പീഡിയയുടെ നിരന്തര വിമര്‍ശകന്‍ കൂടിയാണ് ഇലോണ്‍ മസ്ക്.

