തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

Articles Breaking News Editorials

തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

ക്രൈസ്തവര്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ്. അവര്‍ ഈ ലോകത്ത് തീഷ്ണതയോടെ ജീവിക്കേണ്ടവരാണ്. എന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. അതിനുവേണ്ടിയുള്ള ഒരുക്കവും ഉണര്‍വ്വും നാം എപ്പോഴും പ്രകടിപ്പിക്കണം.

നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. നമ്മുടെ ലക്ഷ്യം, നിത്യതയില്‍ കര്‍ത്താവിനോടുകൂടെ വാഴുക മാത്രല്ല നമ്മോടൊപ്പം വിശ്വാസത്തില്‍ വരാത്തവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം, സുവിശേഷം പങ്കുവെയ്ക്കണം എന്നു മാത്രം. അതിനുള്ള ഒരു ഉത്തമ മനസ്സ് നമുക്കുണ്ടായിരിക്കണം.

എന്നുവെച്ച് ബൈബിള്‍ വ്യക്തമാക്കാത്ത ചില വ്യര്‍ത്ഥമാര്‍ഗ്ഗങ്ങളിലൂടെ അവ സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ച് അത് സുവിശേഷത്തെക്കുറിച്ചുള്ള ശുഷ്കാന്തിയാണെന്നും, ക്രൈസ് തവരെ സംരക്ഷിക്കാനാണെന്നും വ്യക്തമാക്കിയിട്ടു കാര്യമില്ല.

ക്രൈസ്തവ മാര്‍ഗ്ഗത്തെക്കുറിച്ച് അവ്യക്തമായ കാഴ്ചപ്പാടുള്ളവര്‍ ഇന്ന് അനേകരുണ്ട്. അങ്ങനെയുള്ള വ്യക്തികളിലൊരാളാണ് നോര്‍വയെ കിടുകിടാവിറപ്പിച്ച ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെവി ക്ക് എന്ന യുവാവ്. ഇയാള്‍ കാലങ്ങള്‍ക്കു മുമ്പ് നോര്‍വയുടെ തലസ്ഥാന നഗരത്തില്‍ നടത്തിയ ബോംബുസ്ഫോടനവും വെടിവെപ്പുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

തന്റെ മണ്ടന്‍ തീരുമാനത്തില്‍ പൊലിഞ്ഞത് 76 പേരോളമാണ്. ഇദ്ദേഹം ഒരു ക്രൈസ്തവ തീവ്രവാദിയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ യൂറോപ്പിലെങ്ങും മുസ്ളീങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കുന്നു. മാര്‍ക്സിസം ക്രൈസ്തവര്‍ക്കു ദോഷംവരുത്തുന്നു എന്നീ തരത്തിലുള്ള ചിന്തകളാണ് തന്നെ അസ്വസ്ഥനാക്കിയത്.

ഇതിനു ബദലായി ആയുധം കയ്യിലെടുക്കുക എന്നതുമാത്രമാണ് പരിഹാരമെന്ന് ഈ യുവാവും തന്റെ ചില സഹപ്രവര്‍ത്തകരും കരുതി. എന്നാല്‍ ബ്രെവിക്കിന്റെ ഈ ചിന്ത വളരെ തെറ്റാണ്. അത് ദൈവവചനത്തോട് ഒട്ടും യോജിക്കുന്നില്ല. കാരണം യേശു അവതരിപ്പിച്ച സുവിശേഷം സ്നേഹത്തിന്റെ മാര്‍ഗ്ഗമാണ്.

സ്നേഹത്തിലൂടെയും ഉപദേശത്തിലൂടെയും പ്രസംഗത്തിലൂടെയും മാനവജനതയ്ക്കു ക്രൈസ്തവ മാര്‍ഗ്ഗം പങ്കുവെയ്ക്കാന്‍ കഴിയും. ആ മാര്‍ഗ്ഗം മാത്രമാണ് യേശുവും തന്റെ ശിഷ്യന്മാരും ഭൂലോകമൊട്ടുക്കുള്ള യേശുക്രിസ്തുവിന്റെ ദാസന്മാരും ചെയ്തതും ചെയ്തുവരുന്നതും. അതിനു വിപരീതമായ മറ്റൊരു മാര്‍ഗ്ഗമില്ല.

ക്രൈസ്തവ മാര്‍ഗ്ഗത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെയും അനേക മഹാന്‍മാരും പ്രസ്ഥാനങ്ങളും ഭരണകര്‍ത്താക്കളും ക്രിസ്തുമാര്‍ഗ്ഗം ഭൂലോകത്തുനിന്നും തുടച്ചുനീക്കുവാന്‍ ആവതു ശ്രമിച്ചു. കോടിക്കണക്കിനു ക്രിസ്ത്യാനികള്‍ വിവിധയിടങ്ങളില്‍ രക്തസാക്ഷികളായി അതിലേറെപേര്‍ പീഡനങ്ങള്‍ അതിജീവിച്ചു.

പക്ഷേ ആരും മാരകായുധങ്ങള്‍ കയ്യിലേന്തിയില്ല. അവര്‍ പ്രയോഗിച്ചത് ഒരേയൊരു ആയുധം അത് ദൈവവചനം എന്ന ആയുധമാണ്. ബൈബിള്‍ ആ വചനത്തെക്കുറിച്ച് വ്യക്തമാക്കുന്നു. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കും വരെ തുളച്ചുചെല്ലുന്നതും ഹൃദയങ്ങളിലെ ചിന്തകളെയും ഭാവനകളെയും വിവേചിക്കുന്നതും ആകുന്നു” (എബ്രാ:4:12). ദൈവവചനമാണ് ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നത്.

ദൈവവചനം വ്യക്തികളെ മാത്രമല്ല സമൂഹത്തേയും രൂപാന്തരപ്പെടുത്തുന്നു. അനേകരുടെ തെറ്റായ മാര്‍ഗ്ഗങ്ങളെ തകര്‍ത്തുകളയുവാനും ധാര്‍മ്മികതയും സത്യഉപദേശവും നിലനിര്‍ത്തുവാനും മനുഷ്യവര്‍ഗ്ഗത്തിനു രക്ഷയുടെ മാര്‍ഗ്ഗം പകര്‍ന്നുകൊടുക്കുവാനും ദൈവത്തിനും ദൈവവചനത്തിനും മാത്രമേ സാധിക്കൂ.

കായികായുധം ദൈവവചനത്തിനു വിരോധമാണ്. ഒന്നും നേടുന്നില്ല എന്നുകൂടി ഓര്‍പ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.