നിരക്ഷരയായ തെലുങ്കു മുത്തശ്ശി ഉറങ്ങിയെണീറ്റപ്പോള്‍ അമേരിക്കന്‍ ഉച്ചാരണത്തില്‍ സംസാരം; ശാസ്ത്രത്തിന്റെ വിശദീകരണം
ഹൈദരാബാദ്: എഴുത്തും വായനയും അറിയാത്ത 70 കാരിയായ തെലുങ്ക് സ്ത്രീ ഉറങ്ങിയെണീറ്റപ്പോള്‍ അമേരിക്കന്‍ ഉച്ചാരണത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്നു ശാസ്ത്രലോകം നടത്തിയ ഗവേഷണത്തില്‍ വയോധികയ്ക്ക് ഫോറിന്‍ അക്സന്റ് സിന്‍ഡ്രം (എഫ്എഎസ്) എന്ന രോഗാവസ്ഥ ബാധിച്ചിരിക്കാമെന്ന് മെഡിക്കല്‍ സംഘം പറയുന്നു.
മസ്തിഷ്ക്കത്തിന്റെ സ്പീച്ച് ഏരിയായില്‍ സ്ട്രോക്ക് മൂലമുണ്ടാകുന്ന അപൂര്‍വ്വ രോഗമാണ് എഫ് എ എസ് എന്ന് ഹൈദരാബാദിലെ മുതിര്‍ന്ന ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പറഞ്ഞു.
വയോധികയുടെ അവസ്ഥയെക്കുറിച്ചും ഡോ. സുധീര്‍ ട്വിറ്ററില്‍ വിവരങ്ങള്‍ കുറിച്ചു. ഒരു വര്‍ഷം മുമ്പ് വയോധികയെ അവരുടെ മകന്‍ പരിശോധനയ്ക്കായി കൊണ്ടുവന്നു.
മകന്‍ പറയുന്നതനുസരിച്ച് രാവിലെ എഴുന്നേറ്റത് മുതല്‍ അമ്മ അമേരിക്കന്‍ ഉച്ചാരണത്തില്‍ തെലുങ്ക് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമ്മ നിരക്ഷരയാണെന്നും യു.എസില്‍ അവര്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലായെന്നും അവിടേക്കൊന്നും യാത്ര പോയിട്ടില്ലെന്നും മകന്‍ പറഞ്ഞു.
ഉച്ചാരണത്തിലെ പെട്ടന്നുള്ള മാറ്റം ഒരു ന്യൂറോളജിക്കല്‍ പ്രശ്നമാകാം. ഇത് തലച്ചോറിന്റെ സ്പീച്ച് ഏരിയായ്ക്ക് കേടുപാടുകള്‍ വരുത്തിയേക്കാം.
മിക്കപ്പോഴും സ്ട്രോക്കില്‍ നിന്നാണ് ഇത് സംഭവിക്കുന്നത്. കൃത്യമായ പരിശോധനയും എംആര്‍ഐയും രോഗം നിര്‍ണയിക്കാന്‍ സഹായിക്കും.
മിക്ക കേസുകളിലും വൈദ്യസഹായം മതിയാകും. മാറിയ ഉച്ചാരണം വളരെ കാലം നിലനില്‍ക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

