ആവശ്യത്തിലധികം വെള്ളം കുടിച്ചാല്‍ അപകടം
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതു തന്നെയാണ്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് ആപത്താണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ശരീരഭാരം കുറയ്ക്കാനും, മലബന്ധം അകറ്റാനും കരളില്‍ മാലിന്യങ്ങള്‍ അടിയുന്നത് തടയാനുമൊക്കെയാണ് നമ്മള്‍ ധാരാളം വെള്ളം കുടിക്കുന്നത്. അതായത് പ്രതിദിനം 2.5 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളമാണ് സാധാരണ ശരീരത്തിനു ആവശ്യം എന്നിരിക്കെ അതിലും കൂടുതല്‍ കുടിക്കുന്നവരുണ്ട്.
ഇത് അപകടകരമാണെന്നാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്.
ആവശ്യത്തിലധികം വെള്ളം കുടിക്കുമ്പോള്‍ അത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും സോഡിയം അപകടകരമാം വിധം താഴ്ന്ന നിലയിലേക്ക് കുറയുകയും ചെയ്യും.
ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണം മുതല്‍ അപസ്മാരം വരെ ഇതിനാല്‍ ഉണ്ടായേക്കാം. അമിതമായ അളവില്‍ വെള്ളം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടിക്കുന്നത് മരണം ഉള്‍പ്പെടയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നും ഡോ. സുധീര്‍ കുമാര്‍ ട്വിറ്റ് ചെയ്തു.
അധികം വെള്ളം കുടിക്കുമ്പോള്‍ മൂത്രത്തിലൂടെ സോഡിയം പോലെ ശരീരത്തിന് ആവശ്യമുള്ള ധാരാളം ലവണങ്ങള്‍ നഷ്ടമാകും. അതിനാല്‍ ഓരോരുത്തരും അവര്‍ക്ക് ആവശ്യമുള്ള വെള്ളം മാത്രം കുടിച്ചാല്‍ മതിയാകും.

