ഇന്ത്യ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കണം: യു.എന്‍ . സെക്രട്ടറി ജനറല്‍
ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായങ്ങളിലേതുള്‍പ്പെടെ എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം മുന്നോട്ടു വരണമെന്ന് യു.എന്‍ . സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. വിദ്വേഷ പ്രസംഗങ്ങള്‍ തള്ളിക്കളയാന്‍ തയ്യാറാകണണെന്നും ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാജ്യത്തെത്തിയ അദ്ദേഹം ഇന്ത്യ-യു.എന്‍ . സഹകരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
“മനുഷ്യാവകാശ കൌണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയ്ക്ക് ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ രൂപപ്പെടുത്താനും എല്ലാ പൌരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്.
രാജ്യത്തെ എല്ലാവരുടെയും അവകാശങ്ങള്‍ മാനിക്കപ്പെടുമ്പോള്‍ ലോകത്തിനു മുന്നില്‍ വിശ്വാസം നേടാനും രാജ്യത്തിനാകും. ഇന്ത്യയിലെ ബഹുസ്വരത ലളിതവും, എന്നാല്‍ ആഴത്തിലുള്ളതുമായ ധാരണ ഉളവാക്കുന്നതുമാണ്. വൈവിദ്ധ്യമാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നത്” അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയുടെ ഇന്ത്യന്‍ മോഡല്‍ പരിപോഷിപ്പിക്കപ്പെടുകയും ശാക്തീകരിക്കുകയും വേണം. ഗാന്ധിജിയുടെ മൂല്യങ്ങള്‍ ആചരിക്കുകയും എല്ലാ സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഇത് സാദ്ധ്യമാകു എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ ശക്തമായ പ്രതികരണം എന്നതു ശ്രദ്ധേയമാണ്.