ഇസ്ളാം മതത്തിലേക്ക് തിരികെ വരാത്തതിന് സോമാലി പാസ്റ്ററെ ആക്രമിച്ചു
ദൈവസഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരുന്ന യുവ പാസ്റ്ററെ ഇസ്ളാം മതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ പേരു വെളിപ്പെടുത്താത്ത 33 വയസ്സുള്ള പാസ്റ്ററാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെടുകയും 2014-ല്‍ സോമാലിയായില്‍നിന്നും അയല്‍ രാജ്യമായ കെനിയയിലേക്കു കടന്നു വരികയും വടക്കു കിഴക്കന്‍ പ്രവിശ്യയായ വാജിര്‍ കൌണ്ടിയില്‍ രഹസ്യമായി ദൈവസഭ സ്ഥാപിക്കുകയുമുണ്ടായി.
കെനിയയില്‍ സഭയ്ക്ക് നിയമ പ്രശ്നങ്ങളില്ലെങ്കിലും സൊമാലിയായില്‍നിന്നും ബന്ധുക്കള്‍ കടന്നു വന്ന് ആക്രമിക്കാന്‍ സാദ്ധ്യതയുള്ളതിനാലാണ് രഹസ്യമായി കര്‍ത്തൃവേല ചെയ്തത്. പാസ്റ്ററും ഭാര്യയും വളരെ തീഷ്ണതയോടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 10-ന് പാസ്റ്റര്‍ വീടിനു പുറത്തു നില്‍ക്കുന്നതു കണ്ട ഭാര്യാ പിതാവ് എത്രയും വേഗം ക്രിസ്തുമാര്‍ഗ്ഗം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. ഇല്ലായെങ്കില്‍ വിവാഹ മോചനം നടത്തിക്കുമെന്നും ഭീഷണി മുഴക്കി.
എന്നാല്‍ പാസ്റ്ററും ഭാര്യയും തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രകോപിതനായ ഭാര്യാ പിതാവ് മുള്ളുള്ള വടി ഉപയോഗിച്ച് പാസ്റ്ററെ തലങ്ങും വിലങ്ങും അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
ശരീരമാസകലം മാരകമായി മുറിവേറ്റ പാസ്റ്റര്‍ സഹായത്തിനായി നിലവിളിച്ചു. സമീപവാസികള്‍ കണ്ടെങ്കിലും അവര്‍ പ്രതികരിച്ചില്ല. ചോര ഒലിപ്പിച്ചുകൊണ്ട് പാസ്റ്റര്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്കു പോയി.
മൂന്നാഴ്ചയോളം ശരീരവേദന അനുഭവിച്ച പാസ്റ്ററും ഭാര്യയും ഇപ്പോഴും ഭീതിയിലാണ് കഴിയുന്നത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

