വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് യു.എസ്. പാസ്റ്ററുടെ സഹായം
കെന്റക്കി: യു.എസിലെ കെന്റക്കിയില്‍ ജലപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന 300 കുടുംബങ്ങള്‍ക്ക് കെന്റക്കി പാസ്റ്ററുടെ സഹായഹസ്തം.
ജൂലൈ 27 മുതല്‍ ഒരാഴ്ചയോളം കിഴക്കന്‍ കെന്റക്കിയെ ദുരിതക്കെടുതിയിലാക്കിയ ജലപ്രളയത്തില്‍ വീടും സ്ഥാപനങ്ങളും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ട തന്റെ നാട്ടുകാരായ 300 ഭവനക്കാര്‍ക്ക് സഹായം നല്‍കുന്നത് ക്ളെ കൌണ്ടിയിലെ ചര്‍ച്ച് ഓഫ് ഗോഡ് വര്‍ഷിപ്പ് സെന്ററിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ബ്രാഡ് സ്റ്റീവന്‍സണാണ്.
സകലവും നഷ്ടപ്പെട്ട നാട്ടുകാരുടെ കണ്ണുനീരും ദുരവസ്ഥയും നേരില്‍ കാണുവാനിടയായ 44 കാരനായ പാസ്റ്റര്‍ ബ്രാഡ് മഴക്കെടുതി തുടങ്ങിയപ്പോള്‍ത്തന്നെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ആശ്വാസം പകരുകയുണ്ടായി.
വാക്കുകള്‍കൊണ്ടു മാത്രം പരിഹരിക്കുവാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ബ്രാഡ് ദുരിതത്തിലായ ജനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഫേസ്ബുക്കില്‍ കുറിച്ചു, സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ സന്തുഷ്ടനായ പാസ്റ്റര്‍ സഹായഹസ്തം ജനങ്ങളിലേക്കു നീട്ടുകയായിരുന്നു. പലരും മരണത്തിന്റെ താഴ്വരയിലൂടെയാണ് കടന്നുപോയതെന്നും ആയിരങ്ങള്‍ ഭവന രഹിതരായെന്നും പാസ്റ്റര്‍ പറഞ്ഞു.
കെന്റക്കിയിലെ വെള്ളപ്പൊക്കത്തില്‍ 37 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

