യിസ്രായേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; ക്രൈസ്തവര്‍ അപലപിച്ചു
വീണ്ടും ഒരു യിസ്രായേല്‍ -പാലസ്തീന്‍ യുദ്ധത്തിനു തുടക്കം കുറിച്ചുകൊണ്ട് ഹമാസ് യിസ്രായേലിനെതിരായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ക്രൈസ്തവ ലോകവും അപലപിച്ചു.
“ഞങ്ങള്‍ യുദ്ധത്തിലാണ്” എന്നു പ്രഖ്യാപിക്കാന്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹിനെ പ്രേരിപ്പിച്ച ഹമാസിന്റെ വലിയ ആക്രമണത്തെ അപലപിക്കാന്‍ യിസ്രായേലിനോടൊപ്പം ക്രൈസ്തവരും പങ്കു ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ .
ശനിയാഴ്ച പുലര്‍ച്ചെ കരയിലും കടലിലും ആകാശത്തിലൂടെയും ആരംഭിച്ച അപ്രതീക്ഷിത ആക്രമണത്തില്‍ ഗാസാ മുനമ്പില്‍നിന്നും രണ്ടായിരത്തിലധികം മിസൈലുകളാണ് യിസ്രായേലിലേക്ക് വര്‍ഷിച്ചത്. ഇതില്‍ 700 ഓളം ആളുകള്‍ കൊല്ലപ്പെടുകയും 2000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 100 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.
താമസിയാതെ തന്നെ യിസ്രായേലിന്റെ തിരിച്ചടിയും ആരംഭിച്ചു. ഗാസയില്‍ യിസ്രായേലിന്റെ തിരിച്ചടിയില്‍ 200 ഓളം പേരാണ് തുടക്കത്തില്‍ കൊല്ലപ്പെട്ടതെന്നാണ് യിസ്രായേല്‍ ആദ്യം അറിയിച്ചത്.
ഗാസയില്‍ യിസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 413 പേര്‍ കൊല്ലപ്പെടുകയും 2200 പലസ്തീനികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാന്റര്‍ബറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാര്‍ ആക്രമണത്തെ അപലപിച്ചു.
ഇരുവശത്തും സംയമനം പാലിക്കണമെന്നും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ‘ യിസ്രായേലിലെയും ഗാസയിലെയും ആക്രമണങ്ങളില്‍ ഞങ്ങള്‍ക്കു ദുഃഖവും അഗാധമായ ഉല്‍ക്കണ്ഠയും ഉണ്ട്. ഹമാസിന്റെ ആക്രമണങ്ങളെ ഞങ്ങള്‍ അസന്നിഗ്ദ്ധമായി അപലപിക്കുന്നു’.
“യിസ്രായേലിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് ഓഫ് ക്രിസ്ത്യന്‍ ലീഡേഴ്സ് എന്ന സംഘടന അടിയന്തിര ആഹ്വാനം നല്‍കിയെന്നു റവ. ജോണി മൂര്‍ ‘’. ഹമാസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടു പിന്നാലെ ക്രിസ്ത്യന്‍ നേതാക്കളുടെ ഇന്റര്‍ ഡിനോമിനേഷണല്‍ ഗ്രൂപ്പ് കോണ്‍ഗ്രസ് യിസ്രായേലിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു.
ശാബത്ത് ദിവസമായ ശനിയാഴ്ച രാവിലെ 6.30 മുതല്‍ ഗാസാ മുനമ്പില്‍ ചുറ്റുമുള്ള തെക്കന്‍ യിസ്രായേലില്‍ ആദ്യം സൈറന്‍ മുഴങ്ങി. തുടര്‍ന്നു നെഗേവ് മരുഭൂമി, ടെല്‍ അവീവ് ഏരിയ നഗരങ്ങള്‍ , യെരുശലേം എന്നിവിടങ്ങളില്‍ യിസ്രായേലിന്റെ അയണ്‍ ഡോം ആന്റി റോക്കറ്റ് സംവിധാനമാണ് ഹമാസിന്റെ പല റോക്കറ്റുകളെയും പ്രതിരോധിച്ചു തകര്‍ത്തത്.
ഹമാസിന്റെ ആദ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷാര്‍ ഹാനേഗേവ് മേയര്‍ ഒഫീര്‍ ലിപ്സ്റ്റണ്‍ അടുത്തിടെ നടന്ന ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി ഫെസ്റ്റ് ഓഫ് ടാബര്‍നാക്കിള്‍ ആഘോഷത്തില്‍ പ്രസംഗിച്ച വ്യക്തിയാണ്.

