നൈജീരിയായില്‍ 48 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
https://youtu.be/2rDgweaPaS0
കഡുന: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 48 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. മാര്‍ച്ച് 17-ന് അര്‍ദ്ധരാത്രിയോടെ കഡുന സംസ്ഥാനത്തെ കച്ചിയ ലോക്കലിലെ അഗുനു ഡറ്റ്സായില്‍ ഫുലാനി സംഘത്തില്‍പ്പെട്ട സായുധരായ അക്രമികളാണ് തട്ടിക്കൊണ്ടു പോയത്.
രാത്രി 12.30-ന് അക്രമികള്‍ ക്രൈസ്തവരുടെ വീടുകളിലെത്തി വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വിശ്വാസികളെ കൊണ്ടുപോയതെന്ന് സ്ഥലവാസിയായ മൌറിസ് താങ്കോ പറഞ്ഞു.
അക്രമികളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് ആളുകള്‍ തീവ്രവാദികളോടൊത്ത് പോകേണ്ടിവന്നതെന്ന് ഫിലിപ്പ് ജോണ്‍ എന്ന നാട്ടുകാരന്‍ പറഞ്ഞു.
അത്യാധുനിക ആയുധങ്ങളുമായാണ് തീവ്രവാദികള്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ പേരുവിവരങ്ങള്‍ സതേണ്‍ കഡുന പീപ്പിള്‍സ് യൂണിയന്‍ പ്രസിഡന്റ് ജോനാഥാന്‍ അമ്പാക്കി പുറത്തുവിട്ടു.
സംസ്ഥാനത്ത് ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകുന്നതും ആക്രമിക്കുന്നതും വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.