ഹെല്‍മറ്റ് ഉപയോഗിക്കുവാന്‍ ശീലിക്കുക രക്ഷ എന്ന ശിരസ്ത്രം നമ്മുടെ ശിരസ്സിനെ സംരക്ഷിക്കട്ടെ
കേരളത്തിലെ ടൂ വീലര്‍ യാത്രക്കാര്‍ ഇപ്പോള്‍ വളരെ മാന്യമായിത്തന്നെയാണ് യാത്ര ചെയ്യുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം അനുസരിച്ചു വാഹനം ഓടിക്കുവാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
നേരത്തേതന്നെയുള്ള നിയമം തന്നെയാണ് ഇപ്പോഴുമുള്ളത്. ടൂവീലര്‍ വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കണം എന്ന നിയമം കര്‍ക്കശമാക്കിയാതാണ് ഏവരേയും നല്ല യാത്രക്കാരാക്കിത്തീര്‍ക്കുവാന്‍ ഇടയാക്കിയത്.
ഹെല്‍മറ്റ് ധരിച്ചു വാഹനം ഓടിക്കുന്നതിന്റെ ഗുണവും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാലുള്ള ഭവിഷ്യത്തും മനസ്സിലാക്കിയാണോ ആവോ ഇപ്പോള്‍ എല്ലാവരും ഹൈല്‍മറ്റ് ധരിച്ചാണ് യാത്രചെയ്യുന്നത്.
നിയമം തെറ്റിച്ചാല്‍ വന്‍ തുക പിഴ ഈടാക്കുമെന്നതുകൊണ്ടും ലൈസന്‍സ് റദ്ദാക്കുമെന്നുള്ളതുകൊണ്ടുമൊക്കെത്തന്നെയാണ് യാത്രക്കാരെ നിയമം അനുസരിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നതാണ് വാ സ്തവം. ടൂ വീലര്‍ യാത്രക്കാരില്‍ വാഹനം ഓടിക്കുന്നവര്‍ക്കു മാത്രമാണ് ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ബന്ധമുള്ളത്.
കൂടെ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ വരുന്നത് ടൂ വീലര്‍ യാത്രക്കാരില്‍ പിന്നില്‍ ഇരിക്കുന്ന വ്യക്തിക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമെന്നും അതിനുള്ള കാര്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരുമെന്നുമാണ് റിപ്പോര്‍ട്ട്.
എന്തായാലും ഈ നിയമം നമുക്കെല്ലാവര്‍ക്കും ഗുണംതന്നെയാണ് ചെയ്യുക. സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കിയപ്പോള്‍ നമ്മള്‍ അതു പാലിക്കാന്‍ നിര്‍ബന്ധിതരായി. ഇത് എല്ലാ കാര്യങ്ങളിലും ഉണ്ടാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഏതു നല്ല കാര്യങ്ങള്‍ക്കും നമ്മില്‍ അനുശാസിക്കുന്ന നിയമം അനുസരിക്കാന്‍ ഈ നാട്ടിലെ പൌരന്മാര്‍ക്ക് ബാദ്ധ്യതയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവും നിയമങ്ങളും കര്‍ശനമായി പാലിച്ച് ജീവിക്കുന്നവരാണ് നല്ല പൌരന്മാര്‍ . അല്ലാത്തവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷാവിധികള്‍ അനുഭവിക്കുവാനും ബാദ്ധ്യതയുണ്ട്. എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെയാണ് പലപ്പോഴും തെറ്റു ചെയ്യുന്നത്.
ഈ ലോകത്തെ നിയമങ്ങളും ഉപദേശങ്ങളും അനുസരിക്കാന്‍ തയ്യാറായ മനുഷ്യന്‍ നമ്മെ സൃഷ്ടിച്ച ദൈവത്തിന്റെ ഉപദേശങ്ങളും, അരുളപ്പാടുകളും, നിയമങ്ങളും പൂര്‍ണ്ണമായി അനുഷ്ഠിക്കുവാനും, അനുസരിക്കുവാനും തയ്യാറാകുമോ?
ടൂവീലര്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ അവരുടെ ശിരസ്സിനെ സംരക്ഷിക്കുവാനും ആപത്തില്‍നിന്നു രക്ഷിക്കുവാനുമാണ് ഹെല്‍മറ്റെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തെ പാപത്തിന്റെ അന്ധകാരത്തില്‍നിന്നും രക്ഷിക്കുവാന്‍ നമ്മുടെ സൃഷ്ടിതാവായ ദൈവം വച്ച നിയമം നാം അനുസരിക്കുന്നുണ്ടോ? സകല മനുഷ്യരും പാപികള്‍ എന്ന് ബൈബിള്‍ പറയുന്നു. പാപത്തില്‍നിന്നും രക്ഷ നേടുവാന്‍ നമുക്കു മുമ്പില്‍ ഏക പരിഹാരം യേശുക്രിസ്തു മാത്രമാണ്.
യേശു മനുഷ്യവര്‍ഗ്ഗത്തിന്റെ സകല പാപങ്ങള്‍ക്കും വേണ്ടി സ്വയം ശിക്ഷ ഏറ്റു വാങ്ങി. നാം മരിക്കേണ്ട സ്ഥാനത്ത് യേശു നമുക്കുവേണ്ടി ഒരിക്കല്‍ മരിച്ചു. മൂന്നാം ദിവസത്തില്‍ ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തില്‍ നമുക്കുവേണ്ടി പിതാവായ ദൈവത്തോടു പക്ഷവാദം ചെയ്യുന്നു. യേശുവില്‍ക്കൂടി മാത്രമാണ് നമുക്കു രക്ഷ.
കര്‍ത്താവില്‍ വിശ്വസിച്ചു ജീവിക്കുന്ന ദൈവമക്കളാണ് നാം. ഈ ലോകത്തിലെ ഒരു വേര്‍തിരിക്കപ്പെട്ട പോരാളികളാണ് നാം. ദൈവം നമുക്കു തന്നിരിക്കുന്ന നിയമമാണ് സര്‍വ്വായുധ വര്‍ഗ്ഗം. അതില്‍ ഒന്നാണ് രക്ഷ എന്ന ശിരസ്ത്രം (എഫേ.6:17). ഇത് വിലയേറിയ ഒരു അനുഭവമാണ്, ആയുധമാണ്. ഇത് നമ്മുടെ തലയില്‍ത്തന്നെ ഉണ്ടാകട്ടെ.
നമ്മുടെ ജീവിതം ഒരു പോരാട്ടമാണ്. രക്ഷ എന്ന ശിരസ്ത്രം നമ്മുടെ ശിരസ്സിനെ സംരക്ഷിക്കട്ടെ. ഹെല്‍മറ്റ് നമ്മെ സംരക്ഷിക്കുന്നതുപോലെ രക്ഷ എന്ന ശിരസ്ത്രം നമ്മെ രക്ഷിക്കട്ടെ. രക്ഷിക്കപ്പെടാതെ പാപത്തില്‍ ഇന്നും ജീവിക്കുന്ന അനേകരുണ്ട് അവര്‍ക്ക് ശിക്ഷാവിധി ഉണ്ടാകാതെ അവരും ദൈവത്തിന്റെ നിയമം അനുസരിക്കാന്‍ ഇടയാകട്ടെ.
പാസ്റ്റര്‍ ഷജി. എസ്.