ക്രിസ്ത്യാനികള്‍ക്കു പേരുദോഷമുണ്ടാക്കാന്‍ കല്ലു വിഴുങ്ങി ചികിത്സ
റായ്പൂര്‍ : യേശുക്രിസ്തു സൌഖ്യദായകനാണ്. മാനവ ജാതിയുടെ പാപത്തിനു പരിഹാരമായി കാല്‍വറിയില്‍ മരക്കുരിശില്‍ യാഗമായതോടുകൂടി ദൈവത്തോടുള്ള മനുഷ്യന്റെ സകല പ്രശ്നങ്ങള്‍ക്കും ഉത്തരമായി.
യേശുവിന്റെ അടിപ്പിണരുകളാല്‍ സൌഖ്യമുണ്ട്. അവനില്‍ വിശ്വസിച്ച് പ്രാര്‍ത്ഥിച്ചാല്‍ സൌഖ്യം ലഭിക്കുമെന്നുള്ള സത്യം കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍കൊണ്ട് അനേകര്‍ അനുഭവിച്ചു വരികയാണ്. ഇന്നും അത് തുടരുകയാണ്.
എന്നാല്‍ നൂറ്റാണ്ടുകളായി യേശുക്രിസ്തുവിന്റെ പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ധനസമ്പാദനത്തിനും മറ്റുമായി വ്യാജ പ്രാര്‍ത്ഥനകളും ചികിത്സകളും നടക്കാറുമുണ്ട്. പലരും ആ ചതിക്കുഴികളില്‍ വീണിട്ടുമുണ്ട്. ദൈവവചനത്തിനു വിരുദ്ധമായി നടക്കുന്ന ഇത്തരം ആചാരങ്ങള്‍ക്ക് ഒരു ഉദാഹരണം കൂടി ഉണ്ടായിരിക്കുകയാണ് ഛത്തീസ്ഗഢില്‍നിന്നുള്ള ഒരു സന്തോഷ് ലക്ര എന്ന ആളില്‍നിന്നും.
ജഫ്പൂര്‍ ജില്ലയിലെ ചിത്താലയില്‍ താമസിക്കുന്ന സന്തോഷ് ലക്ര കല്ലു വിഴുങ്ങിയുള്ള പ്രാര്‍ത്ഥനയിലൂടെ തനിക്ക് മറ്റുള്ളവരുടെ രോഗങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആളുകളെ വിശ്വസിപ്പിച്ചിരിക്കുന്നത്.
ഒരു ക്രിസ്തു വിശ്വാസി എന്ന് അവകാശപ്പെടുന്ന സന്തോഷ് ലക്ര ചികിത്സയ്ക്കായി തന്റെ താമസ സ്ഥലത്ത് പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. യേശുവിന്റെ ഫോട്ടോയും കുരിശും ഒക്കെ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്ന മുറിയില്‍ ആളുകള്‍ എത്തുമ്പോള്‍ അവരെ ഒരിടത്ത് ഇരുത്തും. അതിനുശേഷം ഇയാള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ ഫോട്ടോയ്ക്കും കുരിശിനും മുമ്പില്‍ മുട്ടുകുത്തി ഇരുന്നു പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടെ ഇരുമുട്ടുകള്‍ക്കും താഴെ പരുക്കന്‍ കല്ലുകള്‍ വയ്ക്കുന്നു.
ആ കല്ലുകള്‍ പ്രാര്‍ത്ഥന വഴി ജനങ്ങളുടെ സങ്കടങ്ങളും വേദനകളും ആഗീരണം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നു. തുടര്‍ന്ന് സന്തോഷ് ആ കല്ലിന്‍ കഷണങ്ങള്‍ വിഴുങ്ങുന്നതോടെ മുന്നിലുള്ള ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എന്നാണ് ഇയാള്‍ പറയുന്നത്.
കല്ലു കഴിക്കുന്നതുകൊണ്ട് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഈ കല്ലുകള്‍ നന്നായി ദഹിക്കുന്നുണ്ടെന്നും സന്തോഷ് പറയുന്നു. കല്ലുകള്‍ കഴിച്ചാല്‍ പിന്നെ വേറെ ആഹാരമൊന്നും കഴിക്കാറില്ലെന്നും ഇയാള്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി സന്തോഷ് തന്റെ ‘കല്ലു വിഴുങ്ങി ചികിത്സ’ നടത്തുന്നു.
ഇതുവരെ വിഴുങ്ങിയ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം ഒരു ചാക്കോളം വരുമെന്നാണ് പറയുന്നത്. മാത്രമല്ല ഒരിക്കല്‍ പോലും ഇതിന്റെ പേരില്‍ ഡോക്ടറെ കാണേണ്ടിയും വന്നിട്ടില്ലെന്ന് പറയുന്നു. ആദ്യമേ സന്തോഷിന്റെ കുടുംബം ആശങ്കയോടെയാണ് ഇതു കണ്ടിരുന്നത്. ആദ്യമൊക്കെ ഭയം തോന്നിയെങ്കിലും പതിയെ അത് മാറിയെന്നു ഭാര്യ അലിഷ ലക്ര പറയുന്നു.
സന്തോഷും കുടുംബവും ഏതു ക്രിസ്തീയ സഭയുടെ അംഗമാണെന്ന് വ്യക്തമല്ല. പക്ഷെ ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്. എന്നാല്‍ സന്തോഷിന്റെ കല്ലു ചികിത്സ ശുദ്ധ മാജിക്കാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കല്ലു കഴിച്ചാല്‍ മാരകമായ പ്രശ്നങ്ങള്‍ ശരീരത്തുണ്ടാകുമെന്ന് സമീപ പ്രദേശത്തെ മുന്‍ സര്‍ക്കാര്‍ ഡോക്ടര്‍ സി.ഡി. ബഖാല വിശദീകരിക്കുന്നു. സന്തോഷിന്റെ അവകാശവാദങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇത് അന്ധവിശ്വാസമാണെന്നും ജീവന്‍ തന്നെ അപകടത്തില്‍പ്പെടാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്തായാലും സന്തോഷ് ലക്ര ചെയ്യുന്ന ഈ മായാജാലം ശുദ്ധ തട്ടിപ്പാണെന്ന് ബുദ്ധിയുള്ള അക്രൈസ്തവര്‍ പോലും സമ്മതിക്കുന്നു. ക്രൈസ്തവ സമൂഹത്തിനാകെ പേരുദോഷവും അപമാനവും വരുത്തുന്ന ഇയാളുടെ മാനസാന്തരത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

