ഭൂമിയെപ്പോലെ അയ്യായിരത്തോളം ‘ലോകങ്ങള്‍ : നാസ
വാഷിംഗ്ടണ്‍ : ഈ പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ ഒട്ടനവധി ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ . എന്നാലും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി കിട്ടാതെ വരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രധാനമായ നിഗമനത്തിലെത്തിയിരിക്കുകയാണ് യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ. സൌരയൂഥത്തിനു പുറത്ത് അയ്യായിരത്തോളം ലോകങ്ങള്‍ കൂടിയുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍ .
ഭൂമിയ്ക്കു സമാനമായ 65 പുതിയ ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് നാസ പുതിയ കണക്ക് പുറത്തു വിട്ടത്.
സൌരയൂഥത്തിനു പുറത്തുള്ള നക്ഷത്രങ്ങളെ വലയം ചെയ്യുന്ന അയ്യായിരത്തോളം ഗ്രഹങ്ങളാണ് നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ദ്രാവക രൂപത്തില്‍ ജലം കാണാന്‍ സാധ്യതയുള്ളതും സൂഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ അന്തരീക്ഷവും ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായ വാതകങ്ങളുമുള്ള ഗ്രഹങ്ങള്‍ പട്ടികയില്‍ എത്രയെണ്ണമുണ്ടെന്ന് വിശദമായ പഠനത്തിലൂടെ കണ്ടെത്തേണ്ടിയതുണ്ട്.
എന്നാല്‍ ഇതൊരു സംഖ്യ മാത്രമാണെന്നും ഗ്രഹങ്ങളുടെ സാധ്യതകള്‍ സംബന്ധിച്ച് വലിയ ഗവേഷണം ആവശ്യമാണെന്നുമാണ് നാസയിലെ ശാസ്ത്രജ്ഞയായ ജെസി ക്രിസ്റ്റ്യന്‍ സെന്‍ പറയുന്നത്. സൌരയൂഥം ഉള്‍പ്പെടുന്ന ആകാശഗംഗ എന്ന ഗാലക്സിയില്‍ മാത്രം ഇത്തരത്തില്‍ ലക്ഷക്കണക്കിനു ഗ്രഹങ്ങളുണ്ടാകാമെന്നും ആകാശഗംഗയെപ്പോലെ എണ്ണമറ്റ ഗാലക്സികള്‍ പ്രപഞ്ചത്തില്‍ വേറെയുമുണ്ടാകാമെന്നുമാണ് ശാസ്ത്രം പറയുന്നത്.
ഈ സാഹചര്യത്തില്‍ ഭൂമിയ്ക്കു സമാനമായ നിരവധി ഗ്രഹങ്ങളുണ്ടാകാനാണ് സാധ്യത. ഭൂമിയില്‍നിന്നും നിരീക്ഷിച്ച് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലൂടെയാണ് ഗ്രഹങ്ങളെ കണ്ടെത്തിയത്.
ഇവയില്‍ ഓരോന്നും ജീവനുണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹങ്ങളാണെന്നും എന്നാല്‍ വിശദമായ പഠനം വേണ്ടി വരുമെന്നും നാസ വ്യക്തമാക്കി.

