ഇന്ത്യയില്‍ കോവിഡ് മരണം 40 ലക്ഷത്തിലധികമെന്ന് പഠനം; കൂടുതലും ഉത്തരഖണ്ഡില്‍
കോവിഡ് വൈറസ് മൂലം ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരിച്ചത് ഇന്ത്യയിലെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. 2020-21 വര്‍ഷത്തില്‍ ഇന്ത്യയില്‍ 40 ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കിന്റെ എട്ടിരട്ടിയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രേഖപ്പെടുത്തിയിരിക്കുന്ന മരണം 5,15,714 ആണ് . ലോകത്തെ അധിക മരണങ്ങള്‍ കണ്ടെത്തുന്നതിനുവവേണ്ടി ലാന്‍സെറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
2020 മാര്‍ച്ച് മുതല്‍ 191 രാജ്യങ്ങളില്‍ ഒദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മരണങ്ങള്‍ 59.4 ലക്ഷമാണെങ്കില്‍ യതാര്‍ത്ഥത്തില്‍ ഇത് 1.82 കോടി വരുമെന്നാണ് ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നത്. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷനിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. മരണത്തില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 24 മാസങ്ങള്‍ക്കുള്ളില്‍ 10.13 ലക്ഷം മരണങ്ങള്‍ യു.എസില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഔദ്യോഗിക കണക്കിനേക്കാള്‍ 1.14 ഇരട്ടിയാണ്. തൊട്ടു പിന്നില്‍ റഷ്യ, മെക്സിക്കോ, ബ്രസ്സീല്‍ , ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നിങ്ങനെയാണ്. അതേ സമയം എല്ലാ മരണങ്ങളും സംഭവിച്ചിരിക്കുന്നത് കോവിഡ് മൂലമാണോ എന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മഹാമാരി കാലഘട്ടത്തിലാണ് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉത്തരാഖണ്ഡിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതോടൊപ്പം മണിപ്പൂര്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് കര്‍ണാടക എന്നിങ്ങനെയാണ് മഹാമാരിക്കാലയളവില്‍ അധിക മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന സംസ്ഥാനങ്ങള്‍ .

