വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍
വിറ്റാമിന്‍ എ, ബി, ബി2, ഡി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീന്‍ , പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, കോപ്പര്‍ , ഇരുമ്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷക സമ്പുഷ്ടമായ ഒരു പലവ്യഞ്ജന സാധനമാണ് വെളുത്തുള്ളി.
തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുള്ളി കഴിക്കുന്നത് ഗ്യാസ് ട്രബിളിനു ആശ്വാസകരമാണ്. വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരമാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ , കൊറോണറി, ഹൃദയ രോഗങ്ങള്‍ , ഹൃദയാഘാതം, ആര്‍ട്ടീരിയോ സ്ളിറോസിസ് എന്നിവ തടയുന്നതിനു വെളുത്തുള്ളി ഉത്തമമാണ്.
രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്ത സഞ്ചാരം സുഗമമാക്കുന്നതിനും വെളുത്തുള്ളി സഹായകരം.
ശ്വസന വ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുവാനും വെളുത്തുള്ളിക്കു കഴിയുന്നു. വെളുത്തുള്ളിയുടെ നിത്യേന ഉപയോഗം മൂലം ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. വെളുത്തുള്ളിയിലെ അലൈന്‍ സള്‍ഫര്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കുടല്‍ , ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വസകോശം തുടങ്ങിയവയിലെ കാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നതായും ഗവേഷകര്‍ പറയുന്നു.

