10 വര്‍ഷം തടവും പിഴയും; കര്‍ണാടക മതപരിവര്‍ത്തന കരടു ബില്ലില്‍ കടുത്ത വ്യവസ്ഥകള്‍
ബംഗളുരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരായ നിയമനിര്‍മ്മാണത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍ .
മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ കരടു ബില്ലില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.
ബെലഗാവിയിലെ ശീതകാല സമ്മേളനത്തില്‍ കര്‍ണാടക നിയമസഭയില്‍ ബി.ജ.പി. സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കും. മതപരിവര്‍ത്തനത്തിന് മുന്‍ ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനോ അതേ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മതപരിവര്‍ത്തനത്തിന്റെ ഫോറം രണ്ടില്‍ മുന്‍കൂര്‍ അറിയിപ്പു നല്‍കണം.
കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലിജിയന്‍ ബില്‍ 2021 പ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം മാത്രം ഉദ്ദേശിച്ചുള്ള വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും.
തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനത്തിലൂടെയോ, വഞ്ചനയിലൂടെയോ, ആനുകൂല്യം നല്‍കിയോ, വിവാഹത്തിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയോ ഉള്ള മതപരിവര്‍ത്തനം തടയലാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്.
നിര്‍ബന്ധിച്ച് മതം മാറ്റുന്ന കേസുകളില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്തവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ , എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവു ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചേക്കാം.
കൂടാതെ കൂട്ട മതപരിവര്‍ത്തനത്തില്‍ എര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപാ പിഴയും ലഭിക്കും.
മതപരിവര്‍ത്തനത്തിന് വിധേയമായവര്‍ക്ക് നഷ്ടപരിഹാരമായി പരമാവധി അഞ്ചു ലക്ഷം രൂപാ കൈമാറണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മതംമാറാന്‍ ഉദ്ദേശിക്കുന്നവര്‍ 60 ദിവസം മുമ്പെങ്കിലും കളക്ടര്‍ അല്ലെങ്കില്‍ സമാന റാങ്കിലുള്ള ഉദ്യോഗസ്ഥന് രേഖാമൂലം വിവരം അറിയിക്കണം. തന്റെ സ്വതന്ത്ര സമ്മതത്തോടെയും ബലപ്രയോഗമോ നിര്‍ബന്ധമോ ഇല്ലാതെയാണ് മതം മാറാന്‍ ആഗ്രഹിക്കുന്നതെന്നും ഇതില്‍ വ്യക്തമാക്കണം.
മതംമാറി 30 ദിവസത്തിനകവും വിവരം അറിയിക്കണം. മതപരിവര്‍ത്തനത്തിന് അപേക്ഷ ലഭിച്ചാല്‍ ജില്ലാ മജിസ്ട്രേറ്റ് പോലീസ് മുഖേന അന്വേഷണം നടത്തുമെന്ന് പറയുന്നു.

