ചേന: വലിപ്പംപോലെതന്നെ ഔഷധ ഗുണവും
മലയാളികളുടെ സദ്യവട്ടങ്ങളിലെ പ്രധാനപ്പെട്ട കിഴങ്ങു വര്‍ഗ്ഗമാണ് ചേന. വലിപ്പത്തില്‍ കേമനായ ചേന ഔഷധ ഗുണത്തിലും മുന്നിലാണ്.
മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്ക്കുന്നതും ഈ ചേനയുടെ പ്രത്യേകതയാണ്. എരിശ്ശേരി, കാളന് , തോരന്‍ , അവിയല്‍ , അച്ചാര്‍ , മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേനകൊണ്ടുള്ള വിഭവങ്ങള്‍ ഏറെയാണ്. ദഹനശക്തി ഇല്ലാത്തവരും, അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരു കൂട്ടി ഊണു കഴിക്കുന്നത് നല്ല ഫലപ്രാപ്തിയുണ്ടാക്കും.
ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഉത്തമമാണ്. കുടലിന്റെ സുഗമമായി ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. അര്‍ശസ്, ദഹനപ്രശ്നങ്ങള്‍ , അതിസാരം, സന്ധിവേദന, ആര്‍ത്തവ പ്രശ്നങ്ങള്‍ , ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ഉത്തമ ഔഷധ ഭക്ഷണമാണ് ചേന.
പ്രമേഹ രോഗികള്‍ പ്രധാന ഭക്ഷണമായ അരിയും ഗോതമ്പും ആഴ്ചയില്‍ ഒന്നു രണ്ടു തവണ ഒഴിവാക്കി ചേനയ്ക്കൊപ്പം പയറു ചേര്‍ത്ത് പുഴുക്ക് മാത്രമായി കഴിക്കാവുന്നതാണ്.
ചേന പോഷകങ്ങളുടെ കലവറ കൂടിയാണ്.
നാരുകള്‍ക്കു പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍ , ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, പ്രോട്ടീന്‍ , ബീറ്റാസിറ്റോസ്റ്റിറോള്‍ , ബിറ്റുലാനിക് ആസിഡ് സ്റ്റിഗ്മാസ്റ്റിറോള്‍ , ലുപിയോള്‍ ള്‍, ഫ്ളവനോയിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചേന.

