പ്രാർത്ഥിച്ചത് കിട്ടി, പക്ഷേ പ്രാണൻ ക്ഷയിച്ചു!!
പാകം ചെയ്യാതെ പാളയത്തിൽ പൊഴിഞ്ഞു കിടക്കുന്ന മന്ന, പിടിച്ചു ഭക്ഷിക്കുവാൻ പളയത്തിൽ തലയ്ക്കു മുകളിൽ കാടപക്ഷി, പാറയിൽ നിന്നും പുറപ്പെടുന്ന മധുരജലം, പഴകിപ്പോകാത്ത ചെരിപ്പ്, ജീർണ്ണിക്കാത്ത വസ്ത്രം, പകൽ മേഘസ്തംഭം, രാത്രി അഗ്നിസ്തംഭം…..അപേക്ഷിച്ചതും ആഗ്രഹിക്കാത്തതുമായ നിരവധി നന്മകൾ സ്വീകരിച്ചുകൊണ്ട് മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ജനം!!
എന്നാൽ നിരവധി ആണ്ടുകൾ പിന്നിട്ടപ്പോൾ മാനുഷികനിരീക്ഷണത്തിൽ വലിയ അനുഗ്രഹങ്ങളും ഉയർച്ചകളും അനുഭവിച്ചു യാത്ര ചെയ്ത ജനത്തെ കുറിച്ച് ദാവീദ് ആത്മാവിൽ പാടി, “അവർ അപേക്ഷിച്ചത് അവൻ അവർക്കു കൊടുത്തു ; എങ്കിലും അവരുടെ പ്രണനു ക്ഷയം സംഭവിച്ചു (സങ്കീർത്തനം 106:15).!!
പഴകാത്ത ചെരുപ്പുമായി സഞ്ചരിക്കുന്നതിലല്ല കാര്യം, പകരം ആ കാലുകൾ കനാനിൽ കുത്തുക എന്നതാണ് കാര്യം. ജീർണ്ണിക്കാത്ത വസ്ത്രം ലഭിച്ചതല്ല കാര്യം, ആ ശരീരവുമായി കനാനിൽ കടക്കുക എന്നതാണ് കാര്യം!!
പഴകാത്ത ചെരുപ്പും കീറാത്ത ഉടുപ്പുമിട്ടു നാം മരണത്തിലേക്ക് നടക്കുവാനല്ല ദൈവം മിസ്രായീമ്യ ഇരുമ്പു ചൂളയിൽ നിന്നും ഈജിപ്ഷ്യൻ അടമവീട്ടിൽ നിന്നും പുറപ്പെടുവിച്ചത്, മരണത്തിൽ നിന്നും ജീവനിലേക്ക് കടക്കുവാനാണ്.!!
അപേക്ഷിച്ചത് എല്ലാം കിട്ടി, പക്ഷേ പ്രാണൻ ക്ഷയിച്ചു പോയി!!
പ്രാർത്ഥിച്ചത് എല്ലാം സമയാസമയങ്ങളിൽ കൃത്യമായി കിട്ടുന്നതിനാൽ വാഗ്ദത്ത കനാനിൽ പ്രവേശനം ഉറപ്പിച്ചു എന്ന ധാരണ അപകടം നിറഞ്ഞതാണ്.
എല്ലാം പ്രാർത്ഥിച്ചു നേടുന്നവനെ തിരുവെഴുത്തു ജയാളിയായി അടയാളപ്പെടുത്തുന്നില്ല, എന്നാൽ പ്രാണൻ ക്ഷയിച്ചുപോകാത്തവനെ ജയിച്ചവനായി സ്വർഗ്ഗം പ്രഖ്യാപിക്കും.
മന്നയും കാടയും ഉടുപ്പും ചെരിപ്പും മാത്രം ദൈവീക അംഗീകാരത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രത്യക്ഷ വസ്തുക്കളായി പ്രദർശിപ്പിച്ചുകൊണ്ട് ജനങ്ങളെ സ്വാധീനിക്കുവാൻ രൂപപ്പെടുത്തിയ ആധുനിക ആത്മീകതയുടെ പ്രകടന പത്രികകൾ അങ്ങേയറ്റം വചനവിരുദ്ധമാണ്!!
ദൈവത്തിങ്കൽ നിന്നും നേരിട്ടു ലഭിക്കുന്ന മന്നയും കാടയും ഉടുപ്പും ചെരിപ്പും നിത്യത എന്ന വാഗ്ദത്തത്തിന്റെ അച്ചാരമല്ല.!!
ദൈവം തരുന്നതെല്ലാം നമുക്കിവിടെ സ്തോത്രം ചെയ്ത് അനുഭവിക്കാം… മന്നയും കാടയും മധുരജലവും പഴകാത്ത ചെരുപ്പും കീറാത്ത ഉടുപ്പും എല്ലാം എല്ലാം…. പക്ഷേ അവയെല്ലാം അനുഭവിക്കുമ്പോൾ പ്രാണൻ ക്ഷയിക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കേണ്ടതുണ്ട്…!!
നാം മരുഭൂമിയിലൂടെ കനാനിലേക്ക് സഞ്ചരിക്കുന്ന സീയോൻ സഞ്ചാരികൾ ആണ്…. മന്നയ്ക്കും ഇറച്ചിക്കും ചെരിപ്പിനും ഉടുപ്പിനും ആരെയും വിളിച്ചിട്ടില്ല, വിളിച്ചത് കനാനിൽ കടക്കുവാൻ….. എന്നാൽ ചെങ്കടലിനും യോർദ്ധാനും ഇടയ്ക്കുള്ള യാത്രാവഴികളിൽ നമ്മുടെ പുറമേയുള്ള മനുഷ്യന്റെ നിലനിൽപ്പിനായി അവിടുന്ന് ന്യായമായതെല്ലാം കരുതിയിട്ടുണ്ട്….!!
എല്ലാം ആവശ്യത്തിൽ അധികം അനുഭവിച്ചു…. ആർക്കും കൊടുക്കാത്ത ഉയർച്ചകൾ…. ആരും ഭഷിക്കാത്ത ഭക്ഷണം…. ആരും പാർക്കാത്ത പാർപ്പിടം…. ആർക്കും ലഭിച്ചിട്ടില്ലാത്ത സംരക്ഷണം….ആ ജനത്തിന്റെ വരവിങ്കൽ അന്യജാതിക്കാർ അമ്പരന്നു…പുറം ലോകത്തിനു എല്ലാം ശുഭകരമായി തിരിഞ്ഞപ്പോൾ, ദാവീദ് ആത്മാവിൽ ആ ജനത്തിന്റെ കേടു രേഖപ്പെടുത്തി; പ്രാണൻ ക്ഷയിച്ച ജനം!!
✍️ Shyju Daniel Adoor

