വാക്കുകള്‍ വിലയുള്ളതാക്കുക (എഡിറ്റോറിയൽ)

വാക്കുകള്‍ വിലയുള്ളതാക്കുക (എഡിറ്റോറിയൽ)

Articles Breaking News Editorials

വാക്കുകള്‍ വിലയുള്ളതാക്കുക

നാവുകൊണ്ട് എല്ലാവര്‍ക്കും എന്തും പറയുവാന്‍ കഴിയും. മനസ്സുകൊണ്ട് തീരുമാനിക്കാനും കഴിയും. എന്നാല്‍ പ്രവൃത്തിയില്‍ അത് നടപ്പിലാക്കിയോ? ചിലര്‍ തങ്ങളുടെ പെരുമാറ്റവും ജീവിതരീതികളിലെ ന്യൂനതകളും തിരുത്തിക്കൊള്ളാമെന്ന് തീരുമാനിക്കും.

മറ്റു ചിലര്‍ ഇനി ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുമെന്നും ആരാധനകളും കൂട്ടായ്മകളും മുടക്കുകയില്ലെന്നും തീരുമാനിക്കും. മറ്റുചിലര്‍ ദൈവവേലയില്‍ കൂടുതല്‍ ശക്തമാകുമെന്നും പ്രതിഷ്ഠിക്കും.

മേല്‍പ്പറഞ്ഞ മൂന്നുകാര്യങ്ങളും തീരുമാനിക്കുന്നതും പ്രതിഷ്ഠിക്കുന്നതും മനുഷ്യന്‍തന്നെയാണ്. അല്ലാതെ ദൈവമല്ല. അങ്ങനെയെങ്കില്‍ ദൈവത്തെ കുറ്റപ്പെടുത്താനും മറക്കില്ലായിരുന്നു.

ശ്രദ്ധിക്കുക, ഇവിടെ നാംതന്നെയാണ് ഓരോതീരുമാനങ്ങള്‍ എടുക്കുന്നതും അവലോകനം ചെയ്യുന്നതും. എന്നാല്‍ തീരുമാനിക്കുന്നതിനും മുമ്പ് അത് എനിക്ക് നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് നൂറുവട്ടം ചിന്തിക്കുന്നത് നന്നായിരിക്കും.

ചിന്തിച്ചാല്‍ തന്നെ ഓരോരുത്തര്‍ക്കും നടപ്പില്‍ വരുത്താവുന്ന ലഘുവായ കാര്യങ്ങളേയുള്ളൂ. ഇതൊക്കെ ഇതിനുവേണ്ടി ആരും മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കേണ്ടതില്ല.

എല്ലാവരും അവരവരുടെ കാര്യം ക്രമപ്പെടുത്തിയാല്‍ നല്ലതായിരിക്കും. ഒരുവനു ദൈവം താലന്ത് കൊടുക്കുന്നത് ആ വ്യക്തിക്ക് വഹിക്കാന്‍ കഴിയും എന്ന് ദൈവത്തിന് നന്നായിട്ടറിയാം എന്നതുകൊണ്ടാണ്. മറിച്ച് ശേഷിയില്ലാത്തവരെ ദൈവം നിര്‍ബന്ധിച്ചൊന്നും ഏല്പിക്കുകയില്ല.

ദൈവം നമ്മില്‍ക്കൂടി ചെയ്യേണ്ട കാര്യം തന്നെയാണ് മുമ്പ് പറഞ്ഞ മൂന്നു കാര്യങ്ങളും. ആദ്യത്തെ രണ്ടു തീരുമാനങ്ങള്‍ നാം തനിയെ അനുഷ്ഠിക്കേണ്ടതാണ്. ഇതില്‍ ദൈവത്തിന്റെ സഹായത്തിനായി കാത്തുനില്‍ക്കേണ്ടതില്ല. അഥവാ നിര്‍ബന്ധം പിടിച്ചാല്‍ നാം വേദനിക്കത്തക്ക രീതിയിലാകും ദൈവം നമുക്ക് വേദിയൊരുക്കുന്നത്. അതുകൊണ്ട് നാം ചെയ്യേണ്ട കാര്യം നാം തന്നെ ചെയ്യുക.

ദൈവം നമ്മെ മാനിക്കും. മൂന്നാമത്തെ കാര്യം ദൈവവേലയെക്കുറിച്ചാണെങ്കില്‍, നമ്മുടെ മനസ്സാക്ഷിയും ദൈവത്തിന്റെ കൃപ യും കൂടി ഒത്തുചേരുമ്പോഴാണ് വിജയിക്കുന്നത്.

ഒരു കാര്യം നാം ശ്രദ്ധിക്കണം. ഒരു കാര്യം നാം നടപ്പിലാക്കുമെന്ന് സമ്പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കിലേ അതേക്കുറിച്ച് ദൈവസന്നിധിയില്‍ തീരുമാനിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യാവു. അല്ലാതെ മനുഷ്യന്റെ പ്രീതിക്കായി എന്തും വിളിച്ചുപറയുന്ന ശീലം നല്ലതല്ല.

നമ്മെക്കൊണ്ട് നടക്കാത്ത കാര്യം നാം ചിന്തിക്കുകപോലുമരുത്. വാക്കിലല്ല, പ്രവൃത്തിയിലാണ് കാര്യം. തിരുവചനം പറയുന്നു “എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും ആകേണ്ടതിന് സ്ഥിരതയ്ക്ക് തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ” (യാക്കോബ് 1:4). ദൈവംചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി പറയുന്നെങ്കില്‍ എത്രയോ നല്ലതായിരിക്കും.

ദൈവം നമ്മെ വീണ്ടും സഹായിക്കട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.