പണം ശപിക്കപ്പെട്ടത്; നഗരവാസി 20 വര്‍ഷമായി ഒറ്റയ്ക്ക് കഴിയുന്നത് ഗുഹയില്‍
ബെല്‍ഗ്രേഡ്: ദക്ഷിണ സെര്‍ബിയായിലെ സ്റ്റാറ പ്ളനിന പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ കഴിഞ്ഞ 20 വര്‍ഷമായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് പാന്റ പെട്രോവിച്ച് എന്ന 70 കാരന്‍ .
കോവിഡ് 19 എന്ന മഹാമാരി ലോകത്ത് വിനാശം വിതച്ച ഒന്നും ഈ പഴയ നഗരവാസി അറിയാതെയായിരുന്നു കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി സ്വന്തം നാടായ പിറോറ്റിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. അപ്പോഴാണ് ലോകത്തിനു വന്ന മാറ്റം പാന്റ അറിയുവാനിടയായത്.
ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക്ക് ധരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ തന്റെ ഗുഹയിലേക്ക് കോവിഡ് എത്താന്‍ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കുകയായിരുന്നു.
അതുമാത്രമല്ല എല്ലാവരോടും ബൂസ്റ്റര്‍ ഡോസ് അടക്കം മൂന്നു ഡോസ് വാക്സിന്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തശേഷമാണ് തന്റെ ഏകാന്ത വാസസ്ഥലത്തേക്കു മടങ്ങിയത്.
ഞാന്‍ നഗരത്തിലായിരുന്നപ്പോള്‍ സ്വതന്ത്രനായിരുന്നില്ല. മറ്റുള്ളവര്‍ തന്നെ ശല്യപ്പെടുത്തുമായിരുന്നു. എന്നാല്‍ ഗുഹയില്‍ സ്വസ്ഥതയുണ്ട്.
പണം ശപിക്കപ്പെട്ടതാണെന്നും അതിനാലാണ് തന്റെ പക്കലുണ്ടായിരുന്ന പണമെല്ലാം തന്റെ നാട്ടിലെ മൂന്നു പാലം പണിക്കായി സംഭാവന ചെയ്തശേഷം ഗുഹയിലേക്കു മടങ്ങിയതെന്നാണ് പാന്റ പറയുന്നത്.
പ്രദേശത്തെ തോട്ടില്‍നിന്നും മീന്‍ പിടിച്ചും കൂണുകള്‍ ഭക്ഷിച്ചുമാണ് ജീവിക്കുന്നത്.

