ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും

മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും

Articles Breaking News Editorials

ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും. സ്വന്തം കാര്യത്തിലും കുടുംബ കാര്യങ്ങളിലും മാത്രം ശ്രദ്ധ വച്ച് ജീവിക്കുന്ന ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ സത്രക്കൂടുകളില്‍ കുടുങ്ങിക്കഴിയുന്നവരാണ്.

പിറന്നുവീണ ഒരു കുഞ്ഞു വിശന്നു കരയുന്നതുപോലെ ഇന്നും മരത്തണലുകളിലും റെയില്‍വേ പുറംപോക്കുകളിലും കടത്തിണ്ണകളിലും ശൈത്യക്കാറ്റേറ്റ് വിറച്ചുകൊണ്ടു കഴിയുന്നവര്‍ അനേകായിരങ്ങളാണ്. ഇതിന് പ്രായ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ല.

ഇതില്‍ ചിലരൊക്കെ പല മാഫിയാകളുടെയും ബലിയാടുകളോ കറവപ്പശുക്കളോ ആയിരിക്കാം. പക്ഷേ എന്തു പ്രയോജനം? രാപ്പകല്‍ വെയിലുകൊണ്ടും തണുപ്പേറ്റും മറ്റുള്ളവരില്‍നിന്നും ശേഖരിച്ച നാണയത്തുട്ടുകള്‍ രാത്രിയുടെ മറവില്‍ തങ്ങളുടെ യജമാനന്മാര്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം കീശയിലിട്ടുകൊണ്ട് നാളത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി യാത്ര പറയുന്നു. വഞ്ചനയുടെയും ക്രൂരതയുടെയും തിക്താനുഭവങ്ങള്‍ അതിജീവിക്കുന്ന ഒരു കൂട്ടം പാവം മനുഷ്യര്‍ ‍.

ആത്മീക ലോകത്തിലായാലും സ്ഥിതി ഏറെക്കുറെ സമാനമാണ്. ഒരു വിശ്വാസിയുടെ മുതല്‍ മറ്റൊരു വിശ്വാസി കൊള്ള ചെയ്യുന്നില്ലെങ്കിലും തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതില്‍ ഇക്കൂട്ടര്‍ പരിപൂര്‍ണ്ണ പരാജയമാണ്. വെളിപ്പാടു പുസ്തകത്തില്‍ പറയുന്നതുപോലെ “ആദ്യ സ്നേഹം എന്നേ വിട്ടുകളഞ്ഞു”. ദയ, കരുണ, സഹതാപം, വിശ്വാസം, സഹിഷ്ണത എന്നിവയുടെ മൂല്യ ശോഷണവുമായിരിക്കുന്നു.

സഭകളില്‍ വിവിധ കമ്മറ്റികളും ട്രസ്റ്റുകളും ഉണ്ടാക്കുന്നതില്‍ എല്ലാവരും മുന്‍ഗണന കൊടുക്കുന്നു. എന്നാല്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ സഭാ വിശ്വാസികളുടെ ഇടയില്‍ അന്തഃഛിദ്രമുണ്ടാക്കുവാനാണ് ചിലപ്പോഴൊക്കെ ഇത് ഉപകരിക്കുന്നത്. സഭയുടെ വിശുദ്ധിക്കു കോട്ടം വരുത്തുന്ന ഇത്തരം ചെയ്തികള്‍ക്ക് ഒരു അന്ത്യം ആവശ്യമായിരിക്കുന്നു.

കൊടിയ പീഢനങ്ങളുടെ നടുവിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ആദര്‍ശങ്ങള്‍ ബലി കഴിക്കാതെ ജീവിത വിശുദ്ധിയും സഹോദര സ്നേഹവും പാലിക്കാന്‍ ശ്രദ്ധാലുക്കളായിരുന്നു. അന്ന് ഒരു ക്രിസ്ത്യാനി മറ്റൊരു ക്രിസ്ത്യാനിയെ വഴിയില്‍വച്ചു കണ്ടാല്‍ ‘മാറാനാഥാ’ (നമ്മുടെ കര്‍ത്താവ് വേഗം വരുന്നു) എന്നു പരസ്പരം പറയുകയും സ്നേഹ ചുംബനം നല്‍കുകയും ചെയ്യുമായിരുന്നു.

ഇന്നാണെങ്കില്‍ പരസ്പരം മുഖം കൊടുക്കാതെ മാറി നടക്കുന്നു. ഇന്ന് പെന്തക്കോസ്തു വിശ്വാസികളില്‍ നല്ലൊരു വിഭാഗവും കഷ്ടതയുടെ നടുവില്‍ നിത്യവൃത്തിക്കു വളരെ കഷ്ടപ്പെടുന്നവരാണ്. അതുപോലെതന്നെ കര്‍ത്തൃ ശുശ്രൂഷയിലായാലും സ്ഥിതി ഇതൊക്കെത്തന്നെയാണ്. ശുശ്രൂഷകളുടെ തിരക്കിലും അദ്ധ്വാനത്തിലും തങ്ങളുടെ കുടുംബം പോറ്റുവാന്‍ നന്നേ പ്രയാസപ്പെടുന്നു.

ധനത്തിലും മാനത്തിലും പ്രതാപികളായി ജീവിക്കുന്ന സഹവിശ്വാസികളില്‍ ഭൂരിപക്ഷവും ഇതൊക്കെ ശ്രദ്ധിക്കാതെ പോകുന്നത് വളരെ കഷ്ടമാണ്. കൂട്ടു സഹോദരന്റെ കഷ്ടപ്പാടറിഞ്ഞ് അവനെയോ, കുടുംബത്തെയോ ഒന്നു സഹായിക്കുന്നത് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.

അതിനുള്ള സമര്‍പ്പണവും മനസ്സലിവും എല്ലാവര്‍ക്കും ഉണ്ടാകട്ടെ! പ്രിയരേ! ഇനിയുള്ള സമയം ഇതിനുവേണ്ടിയും ഒന്നു മാറ്റിവെയ്ക്കുക. സര്‍വ്വശക്തനായ ദൈവം നിങ്ങളെ അധികമായി അനുഗ്രഹിക്കും.
പസ്റ്റര്‍ ഷാജി. എസ്.