ജയത്തിന്റെ കാര്യം മാത്രം ചിന്തിക്കുക.

ജയത്തിന്റെ കാര്യം മാത്രം ചിന്തിക്കുക.

Articles Breaking News Editorials

ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക.

ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം. ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു.

എന്നാല്‍ ഒരു ക്രിസ്ത്യനി അല്ലാത്തവന്‍ പല കണ്ണുകള്‍കൊണ്ടാണ് ജീവിതത്തെ വീക്ഷിക്കുന്നത്. നന്മയോ ഏതെങ്കിലും ഭൌതിക നേട്ടങ്ങളോ ഉണ്ടായാല്‍ അവന്‍ പറയും ഇത് ഭാഗ്യമുള്ള സമയമാണെന്ന്. അല്ലാത്തപ്പോള്‍ ദോഷമുള്ള സമയമാണെന്ന് പിറുപിറുത്തുകൊണ്ട് പറയും. ഇതിന് കാരണം ദൈവീക നടത്തിപ്പിന്റെ മാ ഹാത്മ്യമോ, ദൈവേഷ്ടത്തിന്റെ പൊരുളോ ഇത്തരക്കാര്‍ക്ക് അറിയാനുള്ള ഉള്‍ക്കാഴ്ച ലഭിക്കാത്തതാണ്.

പാപിയായ ഒരു വ്യക്തി ജീവിതത്തില്‍ പ്രതികൂലങ്ങളോ പരാജയങ്ങളോ വരുമ്പോള്‍ നേരിടുവാന്‍ ത്രാണിയില്ലാതെ തകര്‍ന്ന് തരിപ്പണമാകുന്നു. പ്രസിദ്ധനായ ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ ഒന്നു കടമെടുത്താല്‍ ‍; കഷ്ടത വരുമ്പോള്‍ ചിലര്‍ മദ്യപിക്കുന്നു, ചിലര്‍ ആത്മഹത്യ ചെയ്യുന്നു, കഷ്ടത വരുമ്പോള്‍ ചിലര്‍ ഹൃദയത്തെ കഠിനപ്പെടുത്തുന്നു, ചിലര്‍ ചിന്താശൂന്യരായിത്തീരുന്നു. എന്നാല്‍ കഷ്ടത വരുമ്പോള്‍ ക്രിസ്ത്യാനികള്‍ അത് മധുരമായി കാണുന്നു. ഇത് എത്രയോ സത്യമാണ്.

ഇതിനെക്കുറിച്ച് വലിയ വിശദീകരണത്തിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നില്ല.
കഷ്ടത എന്നത് മനുഷ്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇത് എല്ലായ്പോഴും ഉണ്ടാകണമെന്നില്ല. ക്രിസ്ത്യാനിക്ക് കഷ്ടതയുണ്ടെങ്കില്‍ അതിനുള്ള പരിഹാരവുമുണ്ടെന്ന് വിശുദ്ധ ബൈബിള്‍ പറയുന്നു.

ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ക്ക് പങ്കുള്ളവരാകുന്തോറും സഹിച്ചുകൊള്‍വിന്‍ ‍, അങ്ങനെ നിങ്ങള്‍ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും. (1 പത്രോ. 4:13) ഒരു അവിശ്വാസിയായ വ്യക്തിക്ക് കഷ്ടത വന്നാല്‍ അവന്‍ ലോകപ്രകാരം അതിന് പ്രതിവിധി തേടും. എന്നാല്‍ ഇത് ഉദ്ദേശിച്ച രീതിയില്‍ സംതൃപ്തി നേടിത്തന്നു എന്നു വരികില്ല. അപ്പോള്‍ അവന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി വീഴുന്നു.

ഒരു ക്രിസ്ത്യാനി എപ്പോഴും ജയത്തിന്റെ കാര്യം മാത്രം ചിന്തിക്കുക. നമ്മുടെ കര്‍ത്താവ് കൂടെയുള്ളപ്പോള്‍ നാം ഒന്നിനേക്കുറിച്ചും ഭയപ്പെടേണ്ടതില്ല. ഈ ലോകത്തിലെ സകലവിധ പ്രശ്നങ്ങളില്‍നിന്നും നമ്മെ വിടുവിക്കുവാന്‍ ദൈവത്തിനു കഴിയും.

നമ്മുടെ ജീവിതത്തിലെ കയ്പിന്റെ അവസ്ഥ മധുരതരമാകും. പ്രശ്നങ്ങളേയും പ്രതികൂലങ്ങളേയും എങ്ങനെ നേരിടാമെന്നുള്ള ആലോചന നമുക്ക് അവന്‍ പറഞ്ഞുതരും. ആ ദിവ്യ ആലോചനകള്‍ നാം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഒരിക്കലും ലജ്ജിക്കേണ്ടി വരികയില്ല. അതിന് ദൈവം കൃപ തരട്ടെ.
പസ്റ്റര്‍ ഷാജി. എസ്.