നിസ്സാരമായ കാര്യങ്ങള്‍ അവസാനിക്കുന്നത്

നിസ്സാരമായ കാര്യങ്ങള്‍ അവസാനിക്കുന്നത്

Articles Breaking News Editorials

ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്നു മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ മൂലമാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ ‍.

ചെറിയ പ്രശ്നങ്ങള്‍ ആയാലും വലിയ പ്രശ്നങ്ങള്‍ ആയാലും പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങളേ ഉള്ളൂ. ഇവിടെ നിയമങ്ങളും നിയമപാലകരും ഒക്കെയുള്ളപ്പോള്‍ അതിലേക്ക് ഒന്നും കൂടാതെതന്നെ സ്വയം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യുമ്പോഴാണ് അത് അക്രമത്തില്‍ ചെന്ന് അവസാനിക്കുന്നത്.

ബൈബിളില്‍ തന്നെ ആദ്യ കൊലപാതക സംഭവം ദൃശ്യമാണ്. ആദ്യ ദമ്പതികളായ ആദാമിന്റെയും ഹവ്വായുടെയും രണ്ട് ആണ്‍മക്കളായിരുന്നു കയീന്‍ ‍, ഹാബേന്‍ എന്നിവര്‍ ‍. ഇവരില്‍ മൂത്തവനായ കയീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനും ആയിരുന്നു.

ഇരുവരും തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും യഹോവയ്ക്ക് വഴിപാടുകള്‍ കൊണ്ടുവന്നപ്പോള്‍ യഹോവ ഹാബേലിന്റെ യാഗത്തിലാണ് പ്രസാദിച്ചത്. കയീന്റെ യാഗത്തില്‍ ദൈവം പ്രസാദിച്ചില്ല. അവന്‍ നന്മ ചെയ്തിരുന്നില്ല എന്നാണ് ബൈബിളില്‍ കാണുന്നത് (ഉല്‍പ്പത്തി 4:7). അവന്‍ തന്റെ അനുജനോട് കോപിച്ചു.

അവനെ കൊല്ലുകയാണ് ചെയ്തത്. തുടര്‍ന്ന് ബൈബിളില്‍ പല കൊലപാതകങ്ങളും കാണുവാന്‍ സാധിക്കുന്നതിന്റെ എല്ലാം പിന്നിലെ ചേതോവികാരം അസൂയയും വിദ്വേഷവും പകയും ദുരാഗ്രഹവും ആയിരുന്നു.

ഇന്നും നാട്ടില്‍ നടന്ന ഇത്തരം അനീതികള്‍ക്കു പിന്നിലും മേല്‍ വിവരിച്ച കാരണങ്ങളാണ്. ക്ഷമിക്കുവാനും സഹിക്കുവാനും തങ്ങളുടെ തെറ്റുകള്‍ സ്വയം മനസ്സിലാക്കി തിരുത്തുവാനും പലര്‍ക്കും സാധിക്കാതെ വരുമ്പോഴാണ് സ്വന്തം രക്തബന്ധങ്ങളെയോ ജീവിതപങ്കാളിയെയോ എതിരാളികളെയോ അക്രമിക്കുന്നത്.

കേസ്സുകള്‍ കൈകാര്യം ചെയ്യുവാനും പരിഹരിക്കാനുമുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ നമ്മുടെ നാട്ടിലെ ഭരണ വ്യവസ്ഥിതിയിലുണ്ട്. പക്ഷേ അവിടേക്ക് എത്തി ഒന്ന് വിഷയം അവതരിപ്പിക്കുവാനോ പരിഹരിക്കാനായി ഒന്ന് വഴങ്ങിക്കൊടുക്കാനോ ഇന്ന് ആരും തയ്യാറാകുന്നില്ല എന്നത് മോശമായ കാര്യമാണ്.

ഒരു വ്യക്തിക്ക് ഈ നാട്ടിലെ നീതി വ്യവസ്ഥയോട് കടപ്പാടുണ്ട്. തിരിച്ചുമുണ്ട്. പക്ഷേ എല്ലാവിഷയങ്ങളും നിയമവ്യവസ്ഥയ്ക്കു മുമ്പില്‍ കൊണ്ടുവരണമെന്നില്ല. അതിനു മുന്നമേ ദൈവത്തിന്റെ സഹായം നമുക്കുണ്ട് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.

“നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തില്‍ വിശ്വസിക്കിന്‍ ‍, എന്നിലും വിശ്വസിക്കിന്‍ (യോഹന്നാന്‍ 14:1). ലോകത്തിന്റെ രക്ഷകനും ദൈവവുമായ യേശുക്രിസ്തു മനുഷ്യന്റെ സകല പ്രശ്നങ്ങള്‍ക്കും ഏക പരിഹാരമാണ്.

യേശുവിന്റെ സന്നിധിയിലേയ്ക്ക് കടന്നു വന്ന് വിഷയങ്ങള്‍ അവതരിപ്പിക്കുക. എല്ലാറ്റിനും ഉത്തരം ലഭിക്കുമെന്ന് തീര്‍ച്ച. മറ്റുള്ളവരെ ക്ഷമിക്കാനും അംഗീകരിക്കാനും മാത്രമല്ല നമ്മുടെ നീതിയുടെ അവകാശവും അവന്‍ നമുക്ക് വാങ്ങിത്തരും. ആദ്യം ദൈവസന്നിധിയില്‍ മുട്ടുമടക്കി പ്രാര്‍ത്ഥിക്കുക. പിന്നീട് മതി നീതിന്യായ വ്യവസ്ഥകളെ സമീപിക്കുന്നത്.

കോപവും ക്രോധവും അസൂയയുമൊക്കെ നമ്മില്‍ നിന്ന് തുടച്ചുനീക്കി സമാധാനവും സന്തോഷവും പകര്‍ന്നുതന്ന് വിശുദ്ധജനമാക്കി അവന്‍ നമ്മെ ഒരുക്കിയെടുക്കും. അതിനായി സമര്‍പ്പിക്കാം.
പാസ്റ്റര്‍ ഷജി. എസ്.