റോമാ സാമ്രാജ്യ കാലത്തെ ‘ഫാസ്റ്റ് ഫുഡ്’ ശാല കണ്ടെത്തി
റോം: റോമാസാമ്രാജ്യ കാലത്തെ ഫാസ്റ്റ് ഫുഡ് ശാല പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ഇറ്റലിയിലെ പുരാതന നഗരമായ പോംപിയില്‍ രണ്ടായിരം വര്‍ഷം മുമ്പ് റോമാക്കാര്‍ ഉപയോഗിച്ചിരുന്ന ലഘു ഭക്ഷണ ശാലയാണ് കണ്ടെത്തിയത്.
ബഹുവര്‍ണ്ണങ്ങളിലുള്ള ചിത്രങ്ങളാല്‍ അലങ്കരിച്ച ലഘുഭക്ഷണ ശാലയും അടുപ്പുകളും അഗ്നി പര്‍വ്വത ചാരത്താല്‍ മൂടപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്.. കഴിഞ്ഞ വര്‍ഷം തന്നെ ശാല ഗവേഷകര്‍ ഭാഗികമായി പുറത്തെടുത്തിരുന്നു. ഇതിന്റെ പൂര്‍ണ ചരിത്രവും കണ്ടെത്തുന്നതിനായി ഗവേഷണം തുടരുകയായിരുന്നു.
എ.ഡി 79-ല്‍ വെസൂവിയസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹത്തില്‍ പോംപി നഗരം മൂടിപോവുകയായിരുന്നു. 2,000 മുതല്‍ 15,000 വരെയുള്ള ആളുകള്‍ അന്ന് കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്.
കൂടുതല്‍ ഖനനത്തിലൂടെ പ്രാചീന റോമാക്കാരുടെ ആഹാര രീതിയെക്കുറിച്ചും ഗവേഷകര്‍ പഠന വിഷയമാക്കി. പ്രദേശത്തുനിന്ന് കണ്ടെടുത്ത മണ്‍പാത്രങ്ങളില്‍നിന്നും താറാവിന്റെ അസ്ഥിശകലങ്ങളും, പന്നി, ആട്, മത്സ്യം, ഒച്ചുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
ഇവയുടെ കളര്‍ ചുവര്‍ ചിത്രങ്ങളും കാണുവാന്‍ കഴിയും. ചിലതെല്ലാം ഒരുമിച്ചിട്ട് പാചകം ചെയ്തതും വീഞ്ഞിന്റെ രുചി കൂട്ടാന്‍ ചതച്ച് ഫാവാ ബീന്‍സ് ഉപയോഗിച്ചിരുന്നതായും തെളിവു ലഭിച്ചു.
അഗ്നി പര്‍വ്വത സ്ഫോടനത്തിന്റെ ആദ്യ ശബ്ദം കേട്ടപ്പോള്‍ത്തന്നെ ഉടമകള്‍ സ്റ്റാള്‍ ഉപേക്ഷിച്ചു പോയതായി തോന്നുന്നുവെന്ന് പോംപിയിലെ പുരാവസ്തു പാര്‍ക്കിലെ ഡയറക്ടര്‍ ജനറല്‍ മാസിമോ ഒസന്ന അഭിപ്രായപ്പെടുന്നു.
110 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ സമ്പന്ന നഗരങ്ങളിലൊന്നായിരുന്നു പോംപി. രോമിലെ കൊളീസിയത്തിനുശേഷം ഇറ്റലിയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ നഗരമാണ് പോംപി.