നിഴലില്‍നിന്നും വൈദ്യുതി: അത്ഭുത കണ്ടെത്തലുമായി ഗവേഷകര്‍

Asia Breaking News

നിഴലില്‍നിന്നും വൈദ്യുതി: അത്ഭുത കണ്ടെത്തലുമായി ഗവേഷകര്‍
ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്നമാണ് വൈദ്യുതി ക്ഷാമം.

എന്നാല്‍ ഇതിന് ഒരു പരിഹാരം വരുത്തുവാനുള്ള അത്ഭുത കണ്ടെത്തല്‍ നടത്തുകയാണ് ഒരു കൂട്ടം ഗവേഷകര്‍ ‍. നിഴലില്‍നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് സിംഗപ്പൂരിലെ ഒരുകൂട്ടം ഗവേഷകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഷാഡോ എഫക്ട് എനര്‍ജി ജനറേറ്റര്‍ (എസ്.ഇ.ജി.) എന്ന നവീന സംവിധാനം സൃഷ്ടിച്ചെടുത്തത്.

സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാത്ത വിധം കെട്ടിടങ്ങളും മേല്‍ക്കൂരകളും നിറഞ്ഞ സ്ഥലത്ത് ഇത് ഉപകാരപ്രദമാണെന്നാണ് ഗവേഷകരുടെവാദം. സൂര്യപ്രകാശവും നിഴലും ഒരുപോലെ ഉപയോഗിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

സോളാര്‍ സെല്ലുകളിലെ സിലിക്കണുകളില്‍ സൂര്യപ്രകാശം പതിച്ച് അവയിലെ ഇലക്ട്രോണുകളെ ഉത്തേജിപ്പിച്ചാണ് സാധാരണ വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്നത്.

എന്നാല്‍ സ്വര്‍ണ്ണം, വെള്ളി, പ്ളാറ്റിനം അല്ലെങ്കില്‍ ടങ്സ്റ്റണ്‍ ഇവയില്‍ ഏതെങ്കിലും കൊണ്ടാണ് സോളാര്‍ സെല്‍ പാളി നിര്‍മ്മിക്കുന്നതെങ്കില്‍ സൂര്യപ്രകാശം പതിക്കുന്നതനുസരിച്ച് നിഴല്‍ പ്രദേശത്തുനിന്നും ഊര്‍ജ്ജം ഉദ്പ്പാദിപ്പിക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രകാശം പതിക്കാത്ത മേഖലകളെയും പ്രകാശം പതിക്കുന്ന മേഖലകളെയും വോള്‍ട്ടേജ് വ്യത്യാസം ഉപയോഗിപ്പെടുത്തിയായിരിക്കും ഊര്‍ജ്ജോല്‍പ്പാദനം. പ്രകാശം പതിക്കുമ്പോള്‍ ആ മേഖലയും പ്രകാശം പതിക്കാത്ത നിഴല്‍ പ്രദേശവും തമ്മില്‍ ഒരു വോള്‍ട്ടേജ് വ്യത്യാസമുണ്ടാകും.

അതുവഴി ഇലക്ട്രോണുകള്‍ പ്രകാശം പതിച്ച മേഖലയില്‍നിന്നും നിഴല്‍ മേഖലയിലേക്ക് നീങ്ങുകയും ചെയ്യും. ഇങ്ങനെ വൈദ്യുതിയും ഉദ്പ്പാദിപ്പിക്കപ്പെടും. ഇപ്പോള്‍ ഗവേഷകര്‍ നിര്‍മ്മിച്ചിരിക്കുന്നത് ആറ് ചതുരശ്ര സെന്റീമീറ്റര്‍ വലിപ്പമുള്ള പാനലുകളാണ്. അവ ഉപയോഗിച്ച് 0.25 വോള്‍ട്ട് വൈദ്യുതി ഉദ്പ്പാദിപ്പിക്കാം.