വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബങ്ങള്‍ക്ക് വീടു നഷ്ടമായി

വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബങ്ങള്‍ക്ക് വീടു നഷ്ടമായി

Breaking News India

വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബങ്ങള്‍ക്ക് വീടു നഷ്ടമായി
സിങ്ങന്‍പൂര്‍ ‍: ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 15 കുടുംബത്തിന് നാടും വീടും നഷ്ടമായി. ബസ്തര്‍ ജില്ലയിലെ 3 ഗ്രാമങ്ങളിലെ ക്രൈസ്തവര്‍ക്കാണ് ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ അതിക്രമത്തെ തുടര്‍ന്ന് നാടും വീടും ഉപേക്ഷിക്കേണ്ടി വന്നത്.

സെപ്റ്റംബര്‍ 22-ന് ഹിന്ദു സംഘടനയായ സര്യ ആദിവാസി സമാജം കാകട ബേദ ഗ്രാമത്തില്‍ ഒരു യോഗം സംഘടിപ്പിച്ചു. കാകട ബേദിയിലെയും സമീപ ഗ്രാമങ്ങളായ തിള്ളിയാ ബേദ, സിങ്ങന്‍പൂര്‍ എന്നിവിടങ്ങളിലെ 15 ക്രൈസ്തവ കുടുംബങ്ങളെ വിളിച്ചു വരുത്തി. തുടര്‍ന്നു നിങ്ങളുടെ ക്രൈസ്തവ വിശ്വാസം ത്യജിക്കണമെന്നുംഅല്ലാത്ത പക്ഷം വീടും നാടും വിട്ടു പോകണമെന്നും അറിയിച്ചു.

എന്നാല്‍ വര്‍ഗ്ഗീയ ശക്തികളുടെ ആവശ്യം നിരാകരിച്ച വിശ്വാസികള്‍ക്കു നേരെ ഭീഷണിയും അക്രമണങ്ങളും നടത്തുകയും തങ്ങള്‍ സ്വന്തം നാടും വീടും വിട്ടു പോകുന്നുവെന്നു സത്യവാങ്മൂലം നിര്‍ബന്ധിച്ച് എഴുതി ഒപ്പിടുവിക്കുകയും ചെയ്തു.

വിശ്വാസത്തില്‍ ഉറച്ചുനിന്ന കുടുംബങ്ങളുടെ 15 വീടുകള്‍ അക്രമികള്‍ രണ്ടു ദിവസം കൊണ്ടു തകര്‍ക്കുകയുണ്ടായി. കാകട ബേദിയില്‍ 10 വീടുകളും തിള്ളിയാ ബേദയില്‍ രണ്ടു വിടുകളും സിങ്ങന്‍പൂരില്‍ 3 വീടുകളും തകര്‍ത്തു.

അക്രമികള്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ സബ്സീഡികള്‍ ‍, ഭക്ഷ്യ സഹായം മുതലായവ ഇനി മുതല്‍ സ്വീകരിക്കുന്നില്ലെന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. വിശ്വാസി കുടുംബങ്ങള്‍ക്കെതിരെ നടന്ന ക്രൂരമായ വിവേചനവും അതിക്രമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ് പോലീസും പ്രാദേശിക ഭരണകൂടവും. ഈ സംഭവത്തോടെ ഛത്തീസ്ഗഢിലെ ക്രൈസ്തവര്‍ ആശങ്കയിലാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.