മട്ടാഞ്ചേരിയിലെ പുരാതന യെഹൂദ പള്ളി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി സ്മാരകമാക്കും

മട്ടാഞ്ചേരിയിലെ പുരാതന യെഹൂദ പള്ളി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി സ്മാരകമാക്കും

Breaking News India Kerala

മട്ടാഞ്ചേരിയിലെ പുരാതന യെഹൂദ പള്ളി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി സ്മാരകമാക്കും
കൊച്ചി: അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന കൊച്ചി മട്ടാഞ്ചേരി കടവും ഭാഗം യഹൂദ സിന്നഗോഗ് കേരള സര്‍ക്കാര്‍ വിലയ്ക്കു വാങ്ങും.

നാശത്തിന്റെ വക്കില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം കൈവശക്കാര്‍ക്കു ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു. എട്ടര സെന്റ് ഭൂമിയാണ് സിന്നഗോഗിനുള്ളത്. ഉടമസ്ഥയുടെ ബാങ്കുമായുള്ള ബാദ്ധ്യത തീര്‍ത്തശേഷം ബാക്കി വിലനല്‍കി ഭൂമി ഏറ്റെടുക്കും. തുടര്‍ന്നു പുരാവസ്തു വകുപ്പിനു കൈമാറും. സിന്നഗോഗ് സംരക്ഷിച്ച് ചരിത്ര സ്മാരകമാക്കുമെന്നും നടപടി അന്തിമഘട്ടത്തിലാണെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഈ സിന്നഗോഗിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ ഇടിഞ്ഞു വീണിരുന്നു.അവശേഷിക്കുന്ന ഭാഗം നവീകരിച്ചു സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശിയരില്‍ ജനിച്ചവരാണു കറുത്ത യെഹൂദര്‍ അഥവാ മലബാര്‍ യെഹൂദര്‍ എന്നറിയപ്പെടുന്നത്. കൊടുങ്ങല്ലൂരില്‍നിന്നും കൊച്ചിയിലെത്തിയ കറുത്ത യെഹൂദന്മാര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ഈ സിന്നഗോഗില്‍ 1956 വരെ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. പിന്നീട് കറുത്ത യെഹൂദന്മാരും വെളുത്ത യെഹൂദന്മാരും തമ്മില്‍ തര്‍ക്കമുണ്ടായി. കുറെക്കാലം തുറക്കാതിരുന്ന ഈ സിന്നഗോഗ് പിന്നീട് കയര്‍ ഗോഡൌണായി മാറുകയായിരുന്നു.

പ്രാചീന വാസ്തു വിദ്യയുടെ പ്രൌഢിയില്‍ പണിത ഈ സിന്നഗോഗിനകത്തെ സീലിങ്ങും തൂണുകളും അള്‍ത്താരയും കൊണിപ്പടികളുമൊക്കെ ഫ്രെഡ് വേംസാ എന്ന ഇംഗ്ളീഷ് യെഹൂദന്‍ വിലയ്ക്കു വാങ്ങി അഴിച്ചെടുത്ത് 1991-ല്‍ യെരുശലേമിലേക്കു കൊണ്ടുപോയിരുന്നു.