ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

Articles Breaking News Editorials

ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

മനുഷ്യന്‍ ഇന്ന് വിവിധ രോഗങ്ങളാലും പ്രതിസന്ധികളാലും വീര്‍പ്പുമുട്ടുകയാണ്. യന്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയും വേഗതയും പുലര്‍ത്തുന്നു.

എല്ലാവിധ സാങ്കേതിക വിദ്യകളും സ്വായത്തമാക്കിയ നമുക്ക് പലകാര്യങ്ങളിലും നല്ല അറിവും പരിജ്ഞാനവുമുണ്ട്. പ്രത്യേകിച്ച് ഭൌതിക കാര്യങ്ങളില്‍. എന്നാല്‍ ആത്മീക കാര്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞതയാണ്.

ഭൌതിക കാര്യങ്ങളിലെ ന്യൂനതകള്‍ക്കും പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരത്തിനുമായി എന്തും ചെയ്യുവാന്‍ മടിക്കാത്തവരാണ് നല്ലൊരു വിഭാഗം. ആത്മീക കാര്യങ്ങളിലും ചിലരൊക്കെ അന്വേഷണങ്ങള്‍ നടത്താറുണ്ട്.

പണംമുടക്കി മോക്ഷത്തിനും, ആത്മശാന്തിക്കുമായി അനേകര്‍ നെട്ടോട്ടമോടുന്നു. പലരും വഞ്ചിതരാകുന്നു. ഇതിന്റെ പേരില്‍ ബഹുവിധ ചൂഷണങ്ങള്‍ അരങ്ങേറുന്നു. കൊലപാതകങ്ങള്‍ വരെ നടക്കുന്നു. ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ത്തന്നെ ഒരു കുഞ്ഞ് നിലവിളിക്കുന്നു. വിശപ്പകറ്റുവാനുള്ള കരച്ചില്‍.

ആ കരച്ചില്‍ പിന്നീട് വളരുന്തോറും പലവിധ കാര്യങ്ങള്‍ക്കായി രൂപാന്തിരപ്പെടുന്നു. ആഹാരത്തിനുവേണ്ടി മാത്രമല്ല, വസ്ത്രത്തിനും പാര്‍പ്പിടത്തിനും, കടഭാരം നീങ്ങുവാനും, രോഗസൌഖ്യം ലഭിക്കുവാനുമൊക്കെയായി കരയുന്നവര്‍ ധാരാളം. ജീവിതത്തില്‍ ഒരു പ്രശ്നം പോലും ഇല്ലാത്തവര്‍ ആരും ഇല്ല.

എത്ര ആരോഗ്യമുള്ള വ്യക്തിയായലും, ധനികരായാലും അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും. രോഗങ്ങളോ, മാനസീക പ്രശ്നങ്ങളോ അവരേയും പിന്തുടരാം. എന്നാല്‍ ഒരു കാര്യം സ്പഷ്ടമാണ്; എല്ലാറ്റിനും പരിഹാരം യേശുക്രിസ്തു മാത്രമാണ്.

അപ്പോസ്തോലനായ പൌ ലോസ് അന്നത്തെ കാലത്ത് ഉന്നത വിദ്യാഭ്യാസമുള്ളവനായിരുന്നു. ന്യായപ്രമാണത്തില്‍ പണ്ഡിതനും, ധനിക കുടുംബത്തില്‍ ജനിച്ചവനും, റോമന്‍ പൌരത്വം ഉള്ളവനായ യെഹൂദനും ആയിരുന്നു ശൌലായിരുന്ന പൌലോസ്. സമൂഹത്തില്‍ മാന്യമായ സ്ഥാനവും അംഗീകരവുമുള്ളവന്‍.

പിന്നീട് സുവിശേഷത്തിന്റെ ശക്തമായ വക്താവായിത്തീര്‍ന്ന് ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ട പൌലോസിന് തന്റെ മിഷനറി ജീവിതത്തില്‍ പലവിധമായ കഷ്ടതകളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായിവന്നു.

സുവിശേഷ വയലില്‍ ശക്തമായി ജ്വലിച്ചുനിന്ന ഈ അഭിഷിക്തന് തന്റെ ബലഹീന ശരീരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ചരിത്രകാരന്മാര്‍ പല അഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും പൌലോസു തന്നെ പരസ്യമായി വെളിപ്പെടുത്തുന്നത് തന്റെ ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നുവെന്നാണ്.

ഇത് ദൈവം അറിഞ്ഞു ലഭിച്ചതുതന്നെ. ഈ ശൂലം നീങ്ങിക്കിട്ടുവാനായി താന്‍ കര്‍ത്താവിനോട് 3 പ്രാവശ്യം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ദൈവം ആ ശൂലം നീക്കിയതായി വചനത്തില്‍ കാണുന്നില്ല. എന്നാല്‍ കര്‍ത്താവ് പൌലോസിനോട് ഇപ്രകാരം പറഞ്ഞു “എന്റെ കൃപ നിനക്കു മതി” (2 കൊരി. 12:9). കര്‍ത്താവിന്റെ ഈ ആശ്വാസവാക്ക് പൌലോസ് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു.

പിന്നീട് കര്‍ത്താവിനുവേണ്ടി ശക്തമായി പോരാടുന്ന പൊലോസിനെയാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്. പ്രീയരെ നമ്മുടെ ശരീരത്തില്‍, ജീവിതത്തില്‍ എന്തൊക്കെ ബലഹീനതകള്‍, പ്രതിസന്ധികള്‍ വന്നാലും അവയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. പ്രാര്‍ത്ഥിക്കുന്നത് നല്ലത്. അത് നമ്മുടെ കര്‍ത്തവ്യം.

പക്ഷേ തീരുമാനം കര്‍ത്താവിന്റേതാണ്. കര്‍ത്താവിന്റെ കൃപ മാത്രം മതി നമുക്ക്. അത് നമ്മെ ജീവിപ്പിക്കും. അകത്തെ മനുഷ്യന്‍ ശക്തി പ്രാപിക്കും. നാം തളരില്ല. നമ്മുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കും.

പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.