പുറപ്പെട്ട അബ്രാം

പുറപ്പെട്ട അബ്രാം

Articles Others

പുറപ്പെട്ട അബ്രാം പാസ്റ്റർ അനു സി സാമുവേൽ, ജയ്പ്പൂർ

ഉൽപ്പത്തി 12 :2c: “നീ ഒരു അനുഗ്രഹമായിരിക്കും ഉൽപ്പത്തി പുസ്തകത്തിന്റെ വഴിത്തിരിവായി പന്ത്രണ്ടാം അദ്ധ്യായത്തെ വിശേഷിപ്പിക്കാം. നോഹയ്ക്കു ശേഷം യഹോവയായ ദൈവം വ്യക്തിപരമായി പ്രത്യക്ഷനായി സംസാരിക്കുന്നത് അബ്രാമിനോടായിരുന്നു. അതും, ദീർഘകാലാടിസ്ഥാനത്തിലുള്ള ദൈവിക പദ്ധതിയുടെ ഭാഗമാകുവാനുള്ള വിളിയുടെ ആഹ്വാനത്തോടെ.

അജ്ഞാതമായ ഒരു ദേശത്തേക്കുള്ള പറിച്ചുനടീലിന്റെ നിർദ്ദേശത്തോടെ ആരംഭിച്ച സംവേദനം, സംഭവബഹുലമായ ഒരു യാത്രയുടെ തുടക്കത്തിനു കാരണമായി. ഹാരാനിൽ വച്ച് പിതാവായ തേരഹ് മരിച്ചനന്തരം (ഉൽപ്പ. 11 :32) ഊരിൽ വച്ചു ദൈവത്തിന്റെ ഇടപെടൽ അബ്രാമിനുണ്ടായത് തന്റെ 75 ആം വയസ്സിലായിരുന്നു (ഉൽപ്പ. 15 :7).

ആ യാത്രയിൽ ഭാര്യ സാറായിയും സഹോദരപുത്രനായ ലോത്തും മാത്രമേ തന്നെ അനുഗമിച്ചിരുന്നുള്ളൂ (ഉൽപ്പ. 12:5). കൂടാതെ, തന്റെ ദാസന്മാരും മൃഗജാലസംരക്ഷകരും നിശ്ചയമായും കൂടെക്കൂടി.

പുറപ്പാടിന്റെ ആഹ്വാനത്തിൽ വേർപാടിന്റെ പാഠം ആദ്യം കുറിക്കപ്പെട്ടു. എത്തിച്ചേരുവാനുള്ള സ്ഥാനത്തിന്റെ കൃത്യത വെളിപ്പെടുത്തപ്പെട്ടില്ലെങ്കിലും അനുസരിക്കുന്നവൻ ലക്ഷ്യബോധമില്ലാത്തവനല്ല എന്ന രണ്ടാം പാഠവും കുറിക്കപ്പെട്ടു. അനുഗ്രഹം പ്രാപിക്കും എന്ന സങ്കുചിതചിന്തയിൽ നിന്ന് “നീ ഒരു അനുഗ്രഹമായിരിക്കും” എന്ന ബ്രഹത് ചിന്തയുടെ മൂന്നാം പാഠവും അബ്രാമിനോടുള്ള ബന്ധത്തിൽ കുറിക്കപ്പെട്ടു. യാത്രയ്ക്ക് ഇനിയും എന്തു വൈമനസ്യം!

വിളിച്ചിറക്കപ്പെടുമ്പോൾ സന്താനമെന്ന ചിന്തപോലും വിദൂരമായിരുന്നു അബ്രാം- സാറായി ദമ്പതികൾക്ക്. എന്നാൽ വാഗ്ദത്തത്തിൽ “ഞാൻ നിന്നെ വലിയൊരു ജാതിയാക്കും” എന്ന പ്രസ്താവന, താത്കാലികമായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലല്ല കാര്യങ്ങളുടെ ഭാവി എന്ന മറ്റൊരു പാഠം കൂടെ നമ്മുടെ മുമ്പിൽ വരച്ചു കാട്ടുന്നില്ലേ? തന്റെ സന്തതിക്കു ദേശം കൊടുക്കാമെന്ന വാഗ്‌ദാത്തം കൊടുക്കുമ്പോൾ സാഹചര്യങ്ങളുടെ പിന്തുണയോടെ യുക്താനുസൃതം ‘തനിക്കു സന്തതിയില്ലെന്ന യാഥാർഥ്യം’ വാഗ്ദത്തദാതാവിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനു പകരം, യഹോവയ്‌ക്കു യാഗപീഠം പണിതു യാഗമർപ്പിച്ച അബ്രാമിനെ “വിശ്വാസികളുടെ പിതാവ്” എന്നല്ലാതെ എന്തൊന്നിനാൽ വിശേഷിപ്പിക്കാം! (ഉൽപ്പ. 12 :7 ,8).

വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രകടീകരണമായി പുറപ്പെടുവാൻ തയ്യാറായാൽ വാഗ്ദത്ത നിവൃത്തീകരണത്തിനെതിരായി ഉയരുന്ന വെല്ലുവിളികളെ നാഥൻ അമർച്ച ചെയ്യുകയില്ലേ!