പരീക്ഷയില്‍ അകപ്പെടരുത്

പരീക്ഷയില്‍ അകപ്പെടരുത്

Articles Others

പരീക്ഷയില്‍ അകപ്പെടരുത് വൈ. ജോസഫ് കുട്ടി
നമ്മുടെ തെറ്റുകളെക്കുറിച്ച് നാം അനുതപിച്ച് ദൈവത്തോടു ക്ഷമ ചോദിക്കുമ്പോള്‍ കര്‍ത്താവ് നമ്മോട് ക്ഷമിക്കുന്നു എന്നത് സത്യം തന്നേ. എന്നാല്‍ നാം വീണ്ടും പാപം ചെയ്യരുത്. ‘എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്‍റെ പക്കല്‍ വിമോചനമുണ്ട്’ (സങ്കീര്‍ത്തനം 130:4) എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.

അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണം എന്നു തിരഞ്ഞ് ചുറ്റി നടക്കുന്ന പിശാചിന്‍റെ വഞ്ചനയില്‍ കുടുങ്ങി നാം വീണ്ടും പരീക്ഷയില്‍ അകപ്പെടരുത് എന്നതാണ് ഈ പ്രാര്‍ത്ഥനയുടെ ലക്ഷ്യം. ദൈവമക്കളായ നാം പലവിധത്തില്‍ പരീക്ഷിക്കപ്പെടുന്നു. ദൈവം നമ്മെ പരിശോധിച്ചു നോക്കുന്നു. പിശാച് നമ്മെ പരീക്ഷിക്കുന്നു. നാം നമ്മുടെ സ്വന്തമോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു പരീക്ഷിക്കപ്പെടുന്നു. നമ്മുടെ പരമാര്‍ത്ഥതയെ പരിശോധിക്കേണ്ടതിന് ദൈവം പരീക്ഷകള്‍ അനുവദിക്കും.

‘പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും’ (യാക്കോബ് 1:12). ‘താന്‍തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കു സഹായിപ്പാന്‍ കഴിവുള്ളവനാകുന്നു’ (എബ്രായര്‍ 2:19) എന്നു നാം യേശുവിനെക്കുറിച്ച് വായിക്കുന്നു. ‘മനുഷ്യര്‍ക്ക് നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല.

ദൈവം വിശ്വസ്തന്‍. നിങ്ങള്‍ക്ക് കഴിയുന്നതിനു മീതെപരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും’ (1 കൊരിന്ത്യര്‍ 10:13) എന്ന് നാം നേരിടുന്ന പരീക്ഷകളെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിക്കുന്നു.

കര്‍ത്താവായ യേശുവിനെപ്പോലും പരീക്ഷകനായ സാത്താന്‍ പരീക്ഷിച്ചു. ‘അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി’ (മത്തായി 4:1). ആ പരീക്ഷകളെ അവന്‍ ദൈവവചനത്താല്‍ ജയിച്ചു. ‘വിവിധ പരിശോധനകളില്‍ അകപ്പെടുമ്പോള്‍ അത് അശേഷം സന്തോഷം എന്ന് എണ്ണണം’ എന്നും ‘പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍’ എന്നും പറയുന്ന യാക്കോബ് അപ്പൊസ്തലന്‍ ‘പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്’ (യാക്കോബ് 1:12,3). എന്നും പറയുന്നു.

പരീക്ഷയില്‍ അകപ്പെടുന്ന മനുഷ്യന്‍ പടിപടിയായി ആത്മീയമരണത്തിനു വിധേയനാകും. ആയതിനാല്‍ ഇങ്ങനെയുള്ള പരീക്ഷകളെക്കുറിച്ച് നാം തികഞ്ഞ ജാഗ്രതയുള്ളവര്‍ ആയിരിക്കണം. നമ്മുടെ പരീക്ഷകളില്‍ നാം ജയം പ്രാപിക്കേണ്ടതിനു വേണ്ടിയാണ് നമ്മുടെ കര്‍ത്താവായ യേശു കാല്‍വരിയില്‍ കഷ്ടം സഹിച്ച് മരിച്ച് ഉയിര്‍ത്തെഴുന്നേറ്റത്. ‘ക്രിസ്തു തന്‍റെ ഐഹികജീവകാലത്ത് തന്നെ മരണത്തില്‍നിന്ന് രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു’ (എബ്രായര്‍ 5:7).

ഓര്‍ത്തിരിക്കേണ്ട ഉദ്ധരണി*: നാം പരീക്ഷയില്‍ അകപ്പെട്ട് നശിച്ചു പോകാതിരിക്കുവാനും ദുഷ്ടനില്‍ നിന്ന് വിടുവിക്കപ്പെടുവാനും യേശു നമുക്കായി പിതാവിനോട് പക്ഷവാദം ചെയ്യുന്നു.