നിങ്ങൾ അറിഞ്ഞത് ഏത് യേശുവിനെ

നിങ്ങൾ അറിഞ്ഞത് ഏത് യേശുവിനെ

Articles Convention

നിങ്ങൾ അറിഞ്ഞത് ഏത് യേശുവിനെ?

യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ യേശുവും നഥനയേലും തമ്മിൽ നടക്കുന്ന ഒരു സംഭാഷണമുണ്ട്. (യോഹന്നാൻ 1:43-51). യേശു നഥനയേലിനെ കുറിച്ച് ഒരു സാക്ഷ്യം അവിടെ പറയുന്നു, “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല.”

താൻ ആദ്യമായി കാണുന്ന വ്യക്തി ഇങ്ങനെ ഒരു സാക്ഷ്യം പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ട നഥനയേലിന്റെ ചോദ്യം ശ്രദ്ധിക്കുക; “എന്നെ എവിടെ വെച്ച് അറിയും?” യേശു വളരെ ലളിതമായാണ് ആ സംഭാഷണം മുൻപോട്ടു കൊണ്ടുപോകുന്നത്. “ഫിലിപ്പൊസ് നിന്നെ വിളിക്കും മുൻപേ, നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു!”

അത്ഭുതസ്തബ്ധനായ നഥനയേൽ പ്രതികരിച്ചത് ഇങ്ങനെയാണ്; “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ്.”

എന്നാൽ യേശു തികച്ചും വ്യത്യസ്‌തമായ ഒരു മറുപടിയാണ് അവിടെ നൽകുന്നത്! “ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്ന് നിന്നോട് പറയുക കൊണ്ടാണോ നീ വിശ്വസിക്കുന്നത്?” പിന്നെയവിടെ നഥനയേലിന്റെ സംഭാഷണം കാണുന്നില്ല.

ന്യൂ ജെനറേഷൻ പ്രവാചകന്മാരുടെ ഫോറൻസിക് പ്രവചനവും ശാപം മുറിക്കലും മാത്രം കേട്ടാണോ
നാം യേശുവിൽ വിശ്വസിക്കേണ്ടത്?.
ഭൗതിക കാര്യങ്ങളെ വെളിപ്പെടുത്തി, വിളിച്ചു പറയുന്ന ഒരു വ്യക്തിയായി മാത്രമാണോ നാം യേശുവിനെ അറിഞ്ഞിരിക്കുന്നത്? അതിനപ്പുറത്തും വലിയ ദൈവിക സത്യങ്ങളുണ്ട്.

വചനം ജഡമായ യേശുവിനെ നിങ്ങൾക്കു അറിയാമോ? വഴിയും സത്യവും ജീവനുമായ യേശുവിനെ നിങ്ങൾക്ക് പരിചയമുണ്ടോ? ആദ്യനും അന്ത്യനുമായ യേശുവിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകത്തിന്റെ പാപത്തെ ചുമന്നു കാൽവരിയിൽ മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റു നമുക്കായി പിതാവിന്റെ വലതുഭാഗത്ത് പക്ഷവാദം കഴിക്കുന്ന യേശുവിനെ കുറിച്ച് അറിയാമോ? തനിക്കായി കാത്തുനില്കുന്നവരുടെ പ്രത്യാശക്കായി രണ്ടാമത് വരുന്ന യേശുവിനെ കുറിച്ചുള്ള പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ?

സത്യവചനത്തെ അതിന്റെ പരിശുദ്ധിയിൽ പ്രസംഗിക്കാതെയും പൗലോസ് പറഞ്ഞത് പോലെ മറ്റൊരു സുവിശേഷം പറയുകയും ചെയുന്ന ഈ കാലഘട്ടത്തിൽ യേശുവിനെ പ്രഘോഷിക്കുന്നവർ എഴുന്നേൽക്കട്ടെ. സ്റ്റേജുകളിൽ പ്രോസ്പെരിറ്റിയും തിരുവചന അടിസ്ഥാനമില്ലാത്ത കാര്യങ്ങളും തമ്മിൽ തമ്മിലുള്ള ചെളിവാരി ഏറുകളും പ്രഘോഷിക്കുന്നത് മതിയാക്കി നിർമല സുവിശേഷം സുവിശേഷകർ ഘോഷിക്കട്ടെ.

കാലം അതിന്റെ അന്ത്യത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു, നമ്മിലൊരു വചന ആഗ്രഹം ഉണരട്ടെ. വചനവായനയും പ്രാർത്ഥനയും നമ്മിൽ വർദ്ധിക്കട്ടെ, വിശ്വാസത്തിനായി പോരാടാം!

ദൈവം നമ്മെ സഹായിക്കട്ടെ!