പാട്ടുകളിലെ ദൈവശ്വാസീയത

പാട്ടുകളിലെ ദൈവശ്വാസീയത

Articles Kerala

പാട്ടുകളിലെ ദൈവശ്വാസീയത
(വാട്സാപ്പ്സു വിശേഷം)

ഒരിക്കൽ ഒരു സഭയിൽ ആരാധനയ്ക്ക് പങ്കെടുക്കുവാൻ ഞാൻ പോയി. അന്നത്തെ ആരാധനയിൽ ഒരു പുതിയ പാട്ട് പാടി. ഉപദേശപിശകുളള ഒരു പാട്ട് ആയിരുന്നു അത്.

പ്രാർത്ഥനയ്ക്ക് ശേഷം എന്റെ വളരെ അടുത്ത സുഹൃത്തും കൂടിയായ അവിടുത്തെ പാസ്റ്ററുടെ അരികെ ചെന്ന് ഈ പാട്ട് ഇവിടെ പാടുമോ? ഇതിൽ ഉപദേശപിശകില്ലയോ? എന്ന് ചോദിച്ചപ്പോൾ ആ ദൈവദാസൻ നല്കിയ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. “എന്റെ സെനോ, ഉപദേശമോ, ഉപദേശപ്പിശകോ ഇവിടെ ആര് നോക്കാനാ! പാട്ട് പാടുമ്പോൾ ജനം ആരാധിക്കുന്നുണ്ടോ എന്നേ നോക്കാറുളളു!” ഇതേ മറുപടി തന്നെയാകും ഉപദേശപിശകുളള പാട്ടുകൾ പാടുന്ന മറ്റ് ദൈവദാസന്മാർക്കും പറയുവാൻ! ദൈവത്തേയും, ദൈവീക ആരാധനയേയും വിലകുറച്ചു ഇവർ കാണുന്നതാണോ അതോ ഉപദേശപിശക് മനസ്സിലാക്കാനുളള പരിജ്ഞാനമില്ലാത്തതാണോ കാരണം?

പാട്ടുകൾ എപ്പോഴും ജനഹൃദയങ്ങളെ കീഴടക്കുന്ന ഒന്നാണ്. ആശ്വാസവും, പ്രത്യാശയും, സാന്ത്വനവും ഗാനങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുമുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചകൊണ്ട് ഇന്ന് ആർക്കും എവിടെ വെച്ചും പാട്ടുകൾ കമ്പോസ് ചെയ്യുവാനും, റെക്കോർഡ് ചെയ്യുവാനും സാധിക്കുന്നു.

ഈ ലോക്ഡൗൺ കാലത്തു നാം അനേകം പാട്ടുകൾ ഫേസ്ബുക്കിലും, ഇതര സോഷ്യൽ മീഡിയകളിലും ഷെയർ ചെയ്തു കണ്ടിരുന്നുവല്ലോ. അനേകം പുതിയ പാട്ടുകളും നാം കേട്ടു. ‘പ്രമുഖർ’ പാടി എന്നതിനാൽ അർത്ഥവും ആഴവുമില്ലാത്ത പല പാട്ടുകളും “വൈറൽ” ആയത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം (ഇതിനെ അസൂയ എന്നു വിളിക്കേണ്ട). നാം ഒരു പാട്ടു കേൾക്കുമ്പോൾ അതിനെ വിശകലനം ചെയുന്നത് എപ്പോഴും നല്ലതാണ്. ഒരു പുതിയ പാട്ടു കേൾക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുവാൻ ആഗ്രഹിക്കുന്നു.

1. ലിറിക്‌സ് (വരികൾ) ശ്രദ്ധിക്കുക

ജോൺ പൈപ്പറുടെ ഒരു വാചകം ഇങ്ങനെ ആണ്, “ഒരു സഭ അതിന്റെ ദൈവശാസ്ത്രം പഠിക്കുന്നത് അവർ കേൾക്കുന്ന പ്രസംഗത്തിലൂടെ മാത്രമല്ല, അവർ പാടുന്ന പാട്ടുകളിലൂടെയുമാണ്.”

പാട്ടുകൾക്ക് എത്രത്തോളം ഒരു സഭയുടെ/വ്യക്തിയുടെ ദൈവശാസ്ത്രത്തെ സ്വാധീനിക്കാൻ കഴിയുന്നു എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. പലർക്കും അവർ പാടുന്ന പാട്ടുകളാണ് പ്രധാന ദൈവശാസ്ത്ര സ്രോതസ്സ് (തികച്ചും തെറ്റായ ഒരു പ്രവണതയാണിത്, കാരണം വചനം അവർ ഉപേക്ഷിക്കുന്നു എന്ന് അനുമാനിക്കാം).

അപ്പോൾ, ഒരു ഗാനത്തിൽ ബൈബിൾ വാക്യങ്ങളുടെ ചില ശകലങ്ങൾ ഉള്ളതുകൊണ്ടും, വാക്യങ്ങൾ ഉദ്ദേശിച്ചിരിക്കുന്ന സന്ദർഭത്തിന് പുറത്തു ഉപയോഗിച്ചും; എന്തും, ഏതും സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് തെറ്റാണ്. പഴയകാല ഭക്തന്മാരുടെ എല്ലാ പാട്ടുകളിലും നിത്യതയെക്കുറിച്ചുള്ള പ്രത്യാശയും, മഹത്വകരമായ സുവിശേഷസന്ദേശങ്ങളും ഉണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ പാട്ടുകളിൽ മനുഷ്യമനസ്സുകളെ വൈകാരികമായി ഉത്തേജിപ്പിക്കുന്ന വരികൾ അല്ലേ കൂടുതലും കാണുന്നത്? വചന അടിസ്ഥാനമില്ലാത്ത കാര്യങ്ങളെ ഉൾകൊള്ളിക്കുകയും, താളമേളങ്ങളുടെ അകമ്പടിയോടെ പുറത്തിറക്കുകയും ചെയ്യുമ്പോൾ രാജാവിന്റെ ബിംബത്തിന്റെ മുൻപിൽ കവിണ്ണു വീഴുന്നത് പോലെ ഇന്നത്തെ ‘വിശ്വാസ സമൂഹം’ കവിണ്ണു വീഴുന്നത് കാണുമ്പോൾ ഉള്ളം നോവുന്നു. (മുട്ടുമടക്കാത്ത ചിലരെങ്കിലും ഉണ്ട് എന്നത് ഒരു ശേഷിപ്പ് ഉണ്ടെന്നുള്ള പ്രത്യാശയാണ്).

2. വചനവുമായി നീതി പുലർത്തുന്നുവോ?

“അവർ തെസ്സലൊനീക്യയിലുള്ള- വരേക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം
പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” Acts 17:11. ഇത് ബെരോവയിലെ വിശ്വാസികൾ, വചനത്തെ അംഗീകരിക്കുന്നതിന് മുൻപ് പരിശോധിച്ചിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. വചനം നാം ഇങ്ങനെ പരിശോധിച്ചു അംഗീകരിക്കേണ്ടത് പോലെ പാട്ടുകളും പരിശോധിക്കേണ്ടിയിരിക്കുന്നു.

നാം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ: 1: ഈ പാട്ടിൽ വചനവിരുദ്ധത (unbiblical thoughts) അടങ്ങിയിട്ടുണ്ടോ? 2: വേദപുസ്തകേതര (non-biblical thoughts) ചിന്തകൾ അടങ്ങിയിട്ടുണ്ടോ? 3: വചനാടിസ്ഥാനമുള്ളതാണോ? (biblical thoughts). വചനവിരുദ്ധമായ പാട്ടുകളിലെ വരികൾ വചന സത്യങ്ങളോട് ചേർന്നു പോകാത്തവ ആയിരിക്കും. വേദപുസ്തകേതര വരികൾക്ക് യാതൊരു വിധ വചന പിൻബലവും കാണില്ല. അവയെ കേവലം വാക്കുകളുടെ വയറിളക്കം (verbal diarrhea) എന്ന് വിളിക്കുന്നതാകും ഉത്തമം. വചനാടിസ്ഥാനത്തിലെ പാട്ടുകൾ തികച്ചും വചനവുമായി 100% ആത്മാർത്ഥത പുലർത്തുന്നവയാകും.

ദൈവത്തെപറ്റി വികലമായി പഠിപ്പിക്കുക, അബദ്ധ വ്യാഖ്യാനങ്ങൾ വചനത്തിനു നല്കുക, ദൈവത്തിന്റെ വിശേഷണങ്ങളെ തെറ്റായി ഉപയോഗിക്കുക എന്നിവ സൂക്ഷിക്കുക.

3. പാട്ടു നല്കുന്ന സന്ദേശം എന്താണ്?

പാട്ടുകളിൽ സന്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. സുവിശേഷം, രക്ഷ, ക്രൂശീകരണം, വിശുദ്ധ ജീവിതം, മഹത്വകരമായ പ്രത്യാശ, യേശുക്രിസ്തുവിന്റെ മടങ്ങി വരവ് എന്നിങ്ങനെ ക്രിസ്തീയ അടിസ്ഥാനങ്ങൾ അടങ്ങിയ പാട്ടുകൾ അനേകമുണ്ടെങ്കിലും, സമ്പത്ത് വർദ്ധിപ്പിക്കൽ, ശാപം മുറിക്കൽ, ബന്ധനം പൊട്ടിക്കൽ, കെട്ടു പൊട്ടിക്കൽ എന്ന് വേണ്ട എല്ലാ ‘കലാപരിപാടികളും’ അടങ്ങിയ പാട്ടുകളും ഇന്ന് സുലഭമാണ്.

പാട്ടിൻ്റെ അന്തസത്ത എന്താണെന്ന് നാം സസൂക്ഷ്മം പരിശോധിക്കുക, നല്ലത് മുറുകെ പിടിക്കുക.

4. പാട്ടുകൾ നമ്മിൽ എന്ത് മാറ്റം വരുത്തി?

പാട്ടുകൾ നമ്മിൽ സ്വാധീനം ചെലുത്താറുണ്ട്. ഇത് ചിലപ്പോൾ അതിൻ്റെ വരികളുടെ അർത്ഥം കൊണ്ടാകാം, പാട്ടിൻ്റെ പശ്ചാത്തല സംഗീതം കൊണ്ടാകാം, ആത്മസാന്നിധ്യം കൊണ്ടാകാം. ആത്മനിയന്ത്രിതനായ ഒരു പാട്ടെഴുത്തുകാരൻ്റെ വരികൾ നമ്മെ ഒരിക്കലും ഒരു ഉന്മാദാവസ്ഥയിലേയ്ക്കു (ecstasy) തള്ളി വിടുന്നതാകയില്ല. പ്രത്യുത ആ പാട്ടിൻ്റെ വരികൾ അനുതാപവും, ആശ്വാസവും, കണ്ണുനീരും വരുത്തുന്നതാകും.

എന്നാൽ, ചില പാട്ടുകളുടെ വരികളിൽ മനുഷ്യരെ വികാര ഭരിതരാക്കുവാൻ പര്യായാപ്തമാക്കുന്ന വാക്കുകളോ, പദപ്രയോഗങ്ങളോ, അതും അല്ലെങ്കിൽ, ഒരു മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്തോ വികാരപരമായൊരു സമീപനത്തിലൂടെ കരച്ചിൽ വരുത്തുന്നതുമാകാം. ക്രിസ്തീയ ജീവിതം ഒരു വൈകാരിക ജീവിതമല്ല പ്രത്യുത ആത്മീക ബന്ധം നിറഞ്ഞതാണ്. ഇതിൽ വൈകാരികതയില്ലെന്നല്ല, പകരം വൈകാരികത മാത്രം നിറഞ്ഞു നില്ക്കുന്ന ഒരു ജീവിതമല്ല. വൈകാരിക തലത്തിൽ നടക്കുന്ന വ്യത്യാസങ്ങൾക്ക് അഥവാ മാനസാന്തരങ്ങൾക്ക് ആയുസ്സ് തീരെയില്ല..!

ഒരു പാട്ട് ജനലക്ഷങ്ങൾ ഏറ്റെടുത്തതുകൊണ്ടോ, പ്രമുഖനായ ഒരു വ്യക്തി എഴുതി പാടിയതു കൊണ്ടോ ദൈവശ്വാസീയമാകയില്ല. പ്രാണനിൽ തൊട്ട് കരച്ചിൽ വരുത്തുന്ന പാട്ടുകളേക്കാൾ ആത്മാവിൽ ക്രിയ ചെയ്യുന്നതും, ദൈവവുമായി അടുപ്പിക്കുന്നതുമായ പാട്ടുകൾ നമുക്ക് ശ്രവിക്കാം. പാട്ടുകളെ വ്യക്തികളുമായും, അവസ്ഥകളുമായും താരതമ്യം ചെയ്യാതെ വചനവുമായി ഒത്തുനോക്കാം..! വചനാടിസ്ഥാനത്തിലേയ്ക്ക് മടങ്ങി വരാം..! നമ്മെ തന്നെ വിശുദ്ധിയോടെ കർത്താവിന്റെ വരവിനായി ഒരുക്കാം..!

അതിനായി ദൈവം നമ്മളെ ഓരോരുത്തരേയും സഹായിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടു കൂടി നിർത്തട്ടെ.

ദൈവസ്നേഹത്തിൽ
Zeno Ben Sunny
Canada