ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കുരുതി

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കുരുതി

Africa Breaking News Top News

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കുരുതി
അബുജ: നൈജീരിയായില്‍ ക്രിസ്തുമസ് ദിനത്തില്‍ നേരത്തെ ബന്ദികളാക്കിവെച്ചിരുന്ന ക്രൈസ്തവരുള്‍പ്പെടെ 11 പേരെ ഭീകരര്‍ തലവെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി.

നൈജീരിയായിലെ ഇസ്ളാമിക് സ്റ്റേറ്റ് പശ്ചിമ ആഫ്രിക്കന്‍ പ്രവിശ്യ എന്ന ഭീകരസംഘടനയില്‍പ്പെട്ടവരാണ് ക്രൂരകൃത്യം ചെയ്തത്. 10 ക്രിസ്താനികളും ഒരാള്‍ മുസ്ളീമുമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഐ.എസ്. തലവന്മാരായ അബുബക്കര്‍ അല്‍ ബാഗ്ദാദി, അബ്ദുള്‍ ഹസ്സന്‍ അല്‍ മുജാഹിര്‍ എന്നിവര്‍ നേരത്തെ വധിക്കപ്പെട്ടതിനു പ്രതികാരമാണെന്നു സംഘടന അറിയിച്ചു.

വടക്കു കിഴക്കന്‍ നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്താണ് സംഭവം നടന്നതായി കരുതുന്നത്. തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യം ഭീകരര്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്തു വിടുകയുണ്ടായി. 13 പേരെ ഭീകരര്‍ തടവിലിട്ടിരുന്നു.

ഇതില്‍ 11 പേരെയാണ് വധിച്ചത്.തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് തടവുകാര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിച്ചതിന്റെ ദൃശ്യം പുറത്തു വിട്ടത്.

ബോര്‍ണോയിലെ തന്നെ ചിബോക്ക് പട്ടണത്തിനടുത്തുള്ള ക്വാരാംഗുലും ഗ്രാമത്തിലാണ് രണ്ടാമത്തെ സംഭവം നടന്നത്. ക്രിസ്ത്യന്‍ ഗ്രാമമായ ഇവിടെ അതിക്രമിച്ചു കയറിയ ബോക്കോ ഹറാം എന്ന തീവ്രവാദി സംഘടനയില്‍പെട്ടവര്‍ ഏഴുപേരെ വധിക്കുകയും ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

ട്രക്കുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായെത്തിയ തീവ്രവാദികള്‍ ഭക്ഷണമടക്കം മോഷ്ടിച്ചശേഷം വീടുകള്‍ തീയിട്ടു നശിപ്പിച്ചു.