തെലുങ്കാനയില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു

Breaking News India

തെലുങ്കാനയില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു
കരിംനഗര്‍ ‍: തെലുങ്കാന സംസ്ഥാനത്ത് പ്രാദേശിക ദൈവസഭയുടെ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ഒരു സംഘം മദ്യപാനികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

 

ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് കരിംനഗര്‍ ജില്ലയിലെ രാമചന്ദ്രപുരം ഗ്രാമത്തിലെ പാസ്റ്റര്‍ കൊല്‍ഹപുരി ലാച്ചയ്യ മോസസ് ശുശ്രൂഷിക്കുന്ന സഭാഹാളിനു മുന്നിലാണ് അതിക്രമം നടന്നത്. തന്റെ താമസ സ്ഥലത്തോടു ചേര്‍ന്നുള്ള ആരാധനാ ഹാളിനു മുമ്പില്‍ 2 കൊരിന്ത്യര്‍ 12:9-ാം വാക്യം ‘എന്റെ കൃപ നിനക്കു മതി” എന്നെഴുതിയ ബൈബിള്‍ വാക്യ ബോര്‍ഡ് ഒരു സംഘം മദ്യപന്മാര്‍ പരിഹസിച്ച് നശിപ്പിച്ചു.

 

സഭാ ഹാളിന്റെ നെയിംബോര്‍ഡില്‍ രേഖപ്പെടുത്തിയ പാസ്റ്ററുടെ പേരും ഫോണ്‍ നമ്പരും കണ്ട് അക്രമികള്‍ മൊബൈലില്‍ പാസ്റ്ററെ വിളിച്ചു പുറത്തിറക്കി മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് അസഭ്യം പറയുകയും ചെയ്തു. നിങ്ങള്‍ ‘ഷുദ്രാസ്’ ആണ്. ഷുദ്രാസ് എന്നാല്‍ തെലുങ്കില്‍ താണ ജാതിയെന്നാണ് സൂചിപ്പിക്കുന്നത്. പാസ്റ്ററേയും കുടുംബത്തേയും അധിക്ഷേപിച്ചു സംസാരിച്ചപ്പോള്‍ പാസ്റ്ററുടെ മക്കള്‍ പുറത്തുവന്നു അനുനയത്തില്‍ ഇവരെ പറഞ്ഞയയ്ക്കുവാന്‍ ശ്രമിച്ചു.

 

ഉടന്‍തന്നെ സംഘം ആക്രമണം തുടങ്ങുകയായിരുന്നു.
പാസ്റ്റര്‍ക്കും മക്കള്‍ കൊല്‍ഹപുരി പ്രഭാകര്‍ ‍, കൊല്‍ഹപുരി ഇമ്മാനുവേല്‍ ‍, പാസ്റ്ററുടെ ഭാര്യ നര്‍സമ്മ, മകള്‍ മറിയ എന്നിവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കല്ലുകൊണ്ടുള്ള ഇടിയേറ്റ് പരിക്കുപറ്റിയ ഇമ്മാനുവേലിന്റെ കാലിനു വലിയ പൊട്ടല്‍ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇമ്മാനുവേലിനു ചെറിയ സര്‍ജറിയും വേണ്ടിവന്നു.

 

പ്രഭാകര്‍ സംഭവ സമയത്തിനുശേഷം രാമദുഗു പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിന്മേല്‍ 4 യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സായികൃഷ്ണ (20) കാനപര്‍ത്തിസായി സുനില്‍ (19) ചാവതി സത്യശിവ (20), ഇടവേലില്‍ കാര്‍ത്തിക് (20) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

ഇവരില്‍ ചിലര്‍ ബി.ജെ.പി.യുടെ യുവജന സംഘടനയായ എ.ബി.വി.പി.യുടെ പ്രവര്‍ത്തകരാണ്. ഈ സഭയുടെ ആരാധന, പ്രതികള്‍ മാസങ്ങള്‍ക്കു മുമ്പേ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ആസൂത്രിതമായി നടപ്പാക്കിയ ആക്രമണമായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.