ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

Articles Breaking News Editorials Top News

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം
കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്.

 

പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം.

 

അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നതില്‍ കുറ്റം പറയുന്നില്ല. എന്നാല്‍ കുട്ടികളുടെ ചില താല്‍പ്പര്യങ്ങളും അഭിരുചികളും കൂടി പരിഗണിക്കണമെന്നുമാത്രം. പുലര്‍ച്ചെ 5 മണിക്കു വീട്ടില്‍ തുടങ്ങുന്ന പഠനം പിന്നീട് ട്യൂഷന്‍ സെന്ററുകളില്‍ക്കൂടി കടന്നു ക്ളാസ്സ് മുറികളില്‍ 4 മണിയോടുകൂടി അവസാനിച്ച് വീണ്ടും ട്യൂഷന്‍ സെന്ററുകളില്‍ എത്തിച്ചേരുന്നു പിന്നീട് വീട്ടില്‍ വന്നുള്ള സന്ധ്യയ്ക്കുള്ള പഠനങ്ങള്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ മാനസീകമായും ശാരീരികമായും തളരുന്നു.

 

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിര്‍ബന്ധ ശിക്ഷണമാണ് ഇത്തരത്തില്‍ ബാല-കൌമാര മനസ്സുകളെ ബുദ്ധിമുട്ടിലാക്കുന്നത്. പഠനത്തിനിടയില്‍ കുട്ടികള്‍ക്ക് മാനസീകോല്ലാസത്തിനുള്ള സമയം അനുവദിച്ചു നല്‍കണം. അവരെ നിയന്ത്രിതമായി സ്പോര്‍ട്സിലും, ഗയിംസിലും പങ്കെടുക്കാന്‍ അനുവദിക്കണം. ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് കുട്ടികള്‍ക്ക് ബുദ്ധിക്കും ആരോഗ്യത്തിനും ഗുണകരമാണ്.

 
നമ്മുടെ കുട്ടികള്‍ സമൂഹത്തില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി ലക്ഷങ്ങള്‍ മുടക്കിയാണെങ്കിലും അവരെ പഠിപ്പിക്കുന്നു. ഇന്ന് ആര്‍ക്കും ഒന്നിനും ബുദ്ധിമുട്ടില്ലാത്ത കാലമാണ്. എന്നു വിചാരിച്ച് നിരന്തര പഠനങ്ങള്‍ കുട്ടികള്‍ക്ക് അനുവദിക്കുമ്പോള്‍ത്തന്നെ അവരെ ആത്മീകമായി ശക്തി പ്രാപിക്കുവാനായി നാം പരിശീലനം നല്‍കണം. കലാലയ വിദ്യാഭ്യാസം ഭൌതിക ഉന്നതിക്കുവേണ്ടി മാത്രമാണ്.

 

എന്നാല്‍ ആത്മീക വിദ്യാഭ്യാസം നമ്മുടെ ജീവിതത്തിനു മൊത്തത്തിലുള്ള പ്രയോജനം ലഭിക്കുന്നതിനിടയാകും. ഇന്നു നല്‍കുന്ന പരിശീലനം കുട്ടികള്‍ വളര്‍ന്നു വൃദ്ധരായാലും അവര്‍ക്ക് പ്രയോജനകരമായിത്തീരും. ദൈവത്തിന്റെ വചനം അവരുടെ ഹൃദയങ്ങളില്‍ പകര്‍ന്നു നല്‍കുമ്പോള്‍ അത് അവര്‍ക്കുള്ള ആത്മീക ഭക്ഷണമായിത്തീരുന്നു. അത് ഭക്ഷിച്ചാല്‍ അവര്‍ ഒരിക്കലും നശിച്ചുപോകുകയില്ല.

 

ദൈവത്തിന്റെ വഴിയിലൂടെ നടക്കുമ്പോഴാണ് യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. ഇന്ന് സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നല്ലൊരു ശതമാനം പേരും വിദ്യാസമ്പന്നരാണെന്നുള്ളതാണ് ഏറെ രസകരം. മദ്യപാനവും, വെറിക്കൂത്തുകളും, അക്രമവും, അഴിമതിയും, കൊലപാതകങ്ങളുമൊക്കെ നടത്തുന്നവരില്‍ ഏറിയ പങ്കും വിദ്യാസമ്പന്നരാണ്.

 

അവര്‍ക്കുള്ള ഏക പോരായ്മ ആത്മീകമായി അവര്‍ക്ക് പരിപോഷണം ലഭിച്ചില്ല എന്നതാണ്. യേശുക്രിസ്തുവിന്റെ നല്ല സാക്ഷികളായി ജീവിക്കുന്നവര്‍ക്ക് നല്ല മാതൃകാ ജീവിതം നയിക്കുവാന്‍ സാധിക്കും. അതിനാണ് നാം വഴി ഒരുക്കേണ്ടത്. ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീക വിദ്യാഭ്യാസവും അത്യാവശ്യമാണ്. അത് എത്ര വയസ്സായാലും തുടരാവുന്നതാണ് . അതിന് പരിധിയില്ല.
ഷാജി. എസ്.

Leave a Reply

Your email address will not be published.