യു.പി.യില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആക്രമണം
മുസ്സാഫര്‍ നഗര്‍ : ഉത്തര്‍പ്രദേശില്‍ രണ്ടു സ്ഥലങ്ങളിലായി നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു പാസ്റ്റര്‍മാര്‍ക്ക് പരിക്കേറ്റു.
റൂര്‍ക്കി ജില്ലയില്‍ മോഹന്‍പൂര്‍ ഗ്രാമത്തില്‍ പാസ്റ്റര്‍ അമര്‍ സ്റ്റീഫന്‍ , ജൂലൈ 30-ന് ബാരിലി ജില്ലയിലെ നവാബ്ഗങ്ങില്‍ പാസ്റ്റര്‍ മഹേന്ദ്രപാല്‍ (45) എന്നിവരാണ് ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരകളായത്.
പാസ്റ്റര്‍ അമര്‍ സ്റ്റീഫന്‍ താന്‍ സഭായോഗം നടത്തുന്ന വീട്ടില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ ഇരിക്കുമ്പോള്‍ ഒരു സംഘം ആര്‍ .എസ്.എസ്. പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തു. എന്തു ബിസിനസ്സാണ് ചെയ്യുന്നതെന്നു ഇവര്‍ ചോദിച്ചു. ഞങ്ങള്‍ പ്രാര്‍ത്ഥനാ യോഗം നടത്തുകയാണെന്ന് മറുപടി പറഞ്ഞു. അല്ല നിങ്ങള്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നു പറഞ്ഞ് പാസ്റ്ററെ കയ്യേറ്റം ചെയ്തു. ചിലര്‍ പാസ്റ്ററെ പിടിച്ചു നിര്‍ത്തി.
മറ്റു ചിലര്‍ വടികളും, ബെല്‍റ്റും, ചെരുപ്പുകളുമായി പാസ്റ്റര്‍ സ്റ്റീഫനെ ക്രൂരമായി തല്ലിച്ചതച്ചു. തുടര്‍ന്ന് പാസ്റ്ററെ വലിച്ചിഴച്ചു പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് അക്രമികളുടെ വാദം കേള്‍ക്കുകയാണ് ചെയ്തത്.
പാസ്റ്ററുടെ പക്കല്‍നിന്നും പോലീസ് എഴുതി തയ്യാറാക്കിയ രേഖ വാങ്ങിയ ശേഷമാണ് വിട്ടയച്ചത്. തുടര്‍ന്നു സ്റ്റേഷനില്‍നിന്നു വീട്ടിലെത്തിയ അമര്‍ മുട്ടിന്മേല്‍ നിന്നു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവാത്മാവ് യെശയ്യാവ് 64: 10,11,12 വാക്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുത്തു.
ഈ വാക്യം തന്നെ ശക്തിപ്പെടുത്തിയെന്നും തുടര്‍ന്നും പ്രതികൂലങ്ങളുടെ നടുവിലും കര്‍ത്തൃസേവയില്‍ ഉറച്ചു നില്‍ക്കുമെന്നും പാസ്റ്റര്‍ അമര്‍ സ്റ്റീഫന്‍ പറഞ്ഞു.
പാസ്റ്റര്‍ മഹേന്ദ്ര പാലിനെ ഒരു സംഘം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു വിരോധം പൂണ്ടവരാണ് മര്‍ദ്ദനത്തിനു പിന്നില്‍ . ഇവര്‍ മഹേന്ദ്ര പാലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുമാര്‍ എന്ന ആള്‍ ഹിന്ദു മതത്തില്‍നിന്നും മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനിയായാല്‍ വിവാഹം നടത്തിത്തരാമെന്നും ജോലിയും വീടും നല്‍കാമെന്നും വിശ്വസിപ്പിച്ചിരുന്നുവെന്നുമായിരുന്നു ആരോപണം.
ഇതിനെത്തുടര്‍ന്നു പോലീസ് പാസ്റ്ററെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു കണ്ടെത്തി പാസ്റ്ററെ വിട്ടയയ്ക്കുകയായിരുന്നു

