പുരുഷന്മാര്ക്കൊപ്പം സ്ത്രീകളുടെ പങ്ക്
ഏതൊരു വിജയത്തിന്റെയും പിന്നില്‍ പുരുഷനോടൊപ്പം സ്ത്രീയുമുണ്ട്. അതോടൊപ്പം പരാജയത്തിനു പിന്നിലും പുരുഷനോടൊപ്പം സ്ത്രീയുണ്ട്.
ഇന്നു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇതേ രീതിയില്‍ത്തന്നെയാണ്. പുരുഷനും സ്ത്രീയും വിജയം കൊയ്തു എന്നും പുരുഷനും സ്ത്രീയും അധര്‍മ്മത്തിലേക്കു നയിക്കപ്പെട്ടു എന്നും കാണുവാന്‍ കഴിയും. ഇന്നു നടക്കുന്ന ഒട്ടുമിക്ക അധര്‍മ്മങ്ങളുടെയും, തട്ടിപ്പുകളുടെയും, കൊലപാതകങ്ങളുടെയും പിന്നില്‍ ചില സ്ത്രീകളും ഉണ്ടെന്നതാണ് വാസ്തവം.
അടുത്തയിടെ കേരളത്തില്‍ നാം കണ്ട ചില തട്ടിപ്പുകളും ബ്ളാക്ക് മെയിലിംഗുകളും കൊലപാതകങ്ങളും ഒക്കെ നടന്നതിനു ഏറ്റവും മുന്നില്‍ നിന്നതു ചില സ്ത്രീകളാണെന്നുള്ളതു ലോകം കണ്ടു കഴിഞ്ഞതാണ്. പാപ പ്രവര്‍ത്തനങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും ബുദ്ധി കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചതും സ്ത്രീകള്‍ തന്നെ. ഒരു പക്ഷേ വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ നടന്നുവെന്നു നാം കരുതുന്നില്ലായിരിക്കാം. എല്ലാ അധര്‍മ്മങ്ങളുടെയും മുഖ്യ ശക്തി സാത്താനാണ്. ആദിമ മനുഷ്യരില്‍ നാം അതു കണ്ടതാണ്.
ആദിമ മനുഷ്യനായ ആദാമിനു തക്ക തുണയില്ലാത്തതിനാല്‍ യഹോവയായ ദൈവം അവന്റെ വാരിയെല്ലില്‍ നിന്നും ഒന്നെടുത്തു സ്ത്രീയെ സൃഷ്ടിച്ചു. അവള്‍ക്ക് ഹവ്വാ എന്നു പേരിട്ടു ആദമിന് ഭാര്യയായി നല്കി. അന്നു ഏദന്‍ തോട്ടത്തില്‍ സര്‍വ്വവിധ ഐശ്വര്യങ്ങളും സമൃദ്ധിയും അനുഭവിച്ചു ജീവിച്ചവര്‍ പെട്ടന്ന് ഒരു ദിവസം പാപത്തിനു കീഴ്പ്പെട്ടു. അതിനു കാരണം ആദ്യസ്ത്രീയുടെ വീഴ്ചയായിരുന്നു.
അവള് സാത്താന്റെ വാക്കു വിശ്വസിച്ചു. സാത്താന്റെ പ്രേരണയാല്‍ തിന്നരുതെന്നു ദൈവം കല്‍പ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നു. അങ്ങനെ അതുവരെ പാപമില്ലാതെയിരുന്ന ഈ ഭൂമിയില്‍ പാപത്തിന്റെ വിത്തു മുളയ്ക്കപ്പെട്ടു. സകല മനുഷ്യരിലും പാപം കടന്നു.
ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം വരച്ചു കാട്ടുന്നു. ആദാമും ഹവ്വായും തോറ്റ സ്ഥാനത്ത് തന്റെ സന്തതി പരമ്പരകളായവര് വിജയം കൊയ്തു. നോഹയും ഭാര്യയും, അബ്രാഹാമും, സാറായും യിസ്സഹാക്കും, റിബേക്കയും തുടങ്ങിയവര്‍ നമുക്കു പഴയ നിയമത്തില്‍ മാതൃക കാട്ടിയപ്പോള്‍ പുതിയ നിയമത്തിലും വിജയശ്രീലാളിതരായ സ്ത്രീ പുരുഷന്മാരെ നമുക്കു കാണാവുന്നതാണ്. പ്രിസ്ക്കില്ലയും അക്വിലാസും അതിനു ഉത്തമ ഉദാഹരണമാണ്.
ഒരു പക്ഷേ ഇത്തരത്തില്‍ അനേകര്‍ അന്നുണ്ടായിരിക്കാം. എല്ലാവരുടെയും പേരുകള്‍ കൃത്യമായി ബൈബിളില്‍ പരാമര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. നമ്മുടെ നാട്ടില്‍ ദൈവസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടിയതും അദ്ധ്വാനിച്ചതും, വിയര്ത്തതുമായ ദൈവദാസന്മാര് ആയിരങ്ങളാണ്. അവര്‍ക്കു പിമ്പില്‍ ദൈവകൃപയുള്ള അവരുടെ സഹധര്‍മ്മിണിമാരും, ദൈവസഭയില്‍ അംഗങ്ങളായ വീറുറ്റ സഹോദരിമാരുമുണ്ട്. മറുവശത്ത് നാട്ടില്‍ അനേക കുറ്റ കൃത്യങ്ങള്‍ നടക്കുന്നു. അതിനൊക്കെ വളംവെച്ചു കൊടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ചില സ്ത്രീ കള്‍ക്കു പങ്കുണ്ടെന്നുള്ളത് മറയില്ലാത്ത കാര്യങ്ങളാണ്.
പണത്തിനും ലൈംഗിക സുഖങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറാകുന്നവര്‍ക്ക്, അവരുടെ പ്രവര്‍ത്തികള്‍ക്ക് തക്ക കൂലിയുണ്ട് എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. നാട്ടില്‍ ചിലപ്പോള്‍ ചില സംഘടനകളുടെയും മറ്റും അധികാരത്തിന്റെ പിന്ബലമുണ്ടായിരിക്കാം. എന്നാല്‍ ഇത്തരത്തില്‍ സമ്പാദിച്ചതും നേടിയെടുത്തതും ഒരിക്കല്‍ നഷ്ടമാകുമെന്നുള്ള യാഥാര്‍ത്ഥ്യം മറക്കരുത്.
ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓര്‍ക്കുക. സോദോമും ഗോമോറയും കത്തിയമര്‍ന്നപ്പോള്‍ ഓടി രക്ഷപെട്ടുകൊള്വാന് ദൂതന്മാര് പറഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കി അവര്‍ ഉപ്പുതൂണായിത്തീര്‍ന്നു. നേടിയതൊന്നും, സ്വന്ത ജീവനും കൂടെ അവസാനത്തോളം അനുഭവിക്കുവാന്‍, നിലനിര്‍ത്തുവാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല നിത്യരാജ്യമായ സ്വര്‍ഗ്ഗീയ രാജ്യത്ത് അവള്‍ക്ക് ഓഹരിയും ലഭിച്ചില്ല. ഈ സത്യം ഏവരേയും ചിന്തിപ്പിക്കട്ടെ.
ഷാജി.എസ്.

